മൊബൈല്‍ ഫോണിന്റേയും നവമാധ്യമങ്ങളുടേയും വരവോടെ വാര്‍ത്താവിനിമയ സാധ്യതകള്‍ ഏറെ വര്‍ധിച്ചിരിക്കുകയാണെന്ന് മഹാരാഷ്ട്രയിലെ ജനറല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ദേവേന്ദ്ര കുഛ്പാല്‍ പറഞ്ഞു. നവമാധ്യമങ്ങളുടെ കാലഘട്ടത്തിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച് കേരള മീഡിയ അക്കാദമി വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളും വാട്‌സ് അപ് ഗ്രൂപ്പുകളും ഏറെ സജീവമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സ്വന്തമായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരെ നിയോഗിക്കുകയാണ്. മാധ്യമമേഖലയില്‍ തൊഴിലവസരം വര്‍ധിച്ചുവരികയാണെന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായി കുഛ്പാല്‍ പറഞ്ഞു.
സംസ്ഥാനത്തെ ഇന്‍ഫര്‍മഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനം പഠിക്കാനെത്തിയതായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സാഗര്‍ കാംബ്ലി, ബ്രിജി കിഷോര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയി, അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, ജനറല്‍ കൗണ്‍സില്‍ അംഗം എസ്. ബിജു, ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍, അസി. സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.ബി. ബിജു, ഫാക്കല്‍റ്റി അംഗങ്ങളായ പി.എന്‍. വേണുഗോപാല്‍, കെ. ഹേമലത, കെ. അജിത്, എം.ജി. ബിജു, എ. കനകലക്ഷ്മി തുടങ്ങിയവര്‍ സിഹിതരായിരുന്നു.