സ്പീഡോമീറ്ററില്‍ നോക്കിയാല്‍ കാണാന്‍ കഴിയാത്ത സുസ്ഥിര പദ്ധതികള്‍ക്കാണ് കേരള സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അതിവേഗത്തില്‍ സഞ്ചരിക്കുന്നതില്‍ അപകടമുണ്ടെന്നും പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഇതു കാണാന്‍ മാധ്യമങ്ങള്‍ കണ്ണു തുറക്കണം. കേരള മീഡിയ അക്കാദമിയില്‍ മത്തായിമാഞ്ഞൂരാന്‍ സ്മാരകപ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ലോ അക്കാദമി സമരത്തെ ഹിരോഷിമയോടും നാഗസാക്കിയോടും ഉപമിച്ച് അമിത പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത്. യഥാര്‍ത്ഥപ്രശ്‌നങ്ങള്‍ അവഗണിക്കപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ തുടങ്ങിവച്ച സമരം രാഷ്ട്രീയ നേതാക്കള്‍ ഏറ്റെടുത്തത് ശരിയായില്ലെന്നകാര്യം മാധ്യമങ്ങള്‍ പറയാതെ പോയി. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹാരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വെളിയിട വിസര്‍ജ്യ വിമുക്ത കേരളം സൃഷ്ടിക്കാന്‍ കഴിഞ്ഞതും എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കാനുളള ശ്രമവും വലിയ നേട്ടങ്ങളാണ്. ലഹരിവിമുക്ത കേരളത്തെ സൃഷ്ടിക്കാനുളള പ്രയത്‌നവും ചെറുതല്ല. എന്നാല്‍ അടിസ്ഥാനതലത്തില്‍ നടക്കുന്ന വികസന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നത് അഭികാമ്യമല്ല. നിലവിലുളളതിനെ വികസിപ്പിച്ച് പുതിയതിനെ കൊണ്ടുവരുമ്പോഴാണ് വികസനം യാഥാര്‍ത്ഥ്യമാകുന്നത്. മൂല്യങ്ങളും ആശയങ്ങളും വിനിമയം ചെയ്തും ഉല്‍പാദിപ്പിച്ചും മാധ്യമങ്ങള്‍ സമൂഹത്തെ നയിക്കുമ്പോഴാണ് ചരിത്രം സൃഷ്ടിക്കപ്പെടുന്നത്.
സമൂഹത്തിനായി പ്രവര്‍ത്തിച്ചുകൊണ്ട് വ്യക്തി തന്നെ ഒരു പ്രസ്ഥാനമായി മാറി ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുന്നത് ചെറിയകാര്യമല്ലെന്ന് സാമൂഹ്യപരിഷ്‌കര്‍ത്താവും മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന മത്തായി മാഞ്ഞൂരാനെ അനുസ്മരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
മുന്‍കാലത്തെ പത്രങ്ങളിലെ മുഖപ്രസംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്രാധിപന്‍മാരും. പത്രപ്രവര്‍ത്തകര്‍ക്ക് പേഴ്‌സിനേക്കാള്‍ പ്രധാനം പേനയാണെന്ന് തിരിച്ചറിയാന്‍ കഴിയണമെന്ന് മന്ത്രി വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. സുവര്‍ണ്ണാക്ഷരങ്ങള്‍ സൃഷ്ടിക്കലാണ് മാധ്യമപ്രവര്‍ത്തകരുടെ ധര്‍മ്മം; അല്ലാതെ അക്ഷരപിശാചുകളെ അല്ല. എന്തുകൊണ്ട് ‘ചെമ്മീന്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന് പറയുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്ന് മന്ത്രി ചോദിച്ചു.
മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം.രാമചന്ദ്രന്‍ രചിച്ച് അക്കാദമി പ്രസിദ്ധീകരിച്ച പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്ന പാഠപുസ്തകം പ്രശസ്ത സാഹിത്യനിരൂപക ഡോ. എം. ലീലാവതി പ്രകാശനം ചെയ്തു. മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍പോള്‍ പുസ്തകം ഏറ്റു വാങ്ങി. സമഗ്രതല സ്പര്‍ശിയായ ഒന്നാണിതെന്ന് പുസ്തകം പരിചയപ്പെടുത്തികൊണ്ട് ഡോ.എം. ലീലാവതി പറഞ്ഞു.
ഹരിത കേരള ഹ്രസ്വചിത്രമത്സരത്തിന്റെ ബ്രോഷര്‍ അക്കാദമി മുന്‍ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ മന്ത്രിയില്‍ നിന്നു ഏറ്റു വാങ്ങി പ്രകാശനം ചെയ്തു. മുന്‍ എം.പി എം.പി അച്യുതന്‍ സന്നിഹിതനായിരുന്നു. അക്കാദമി സെക്രട്ടറി കെ.ജി സന്തോഷ് സ്വാഗതവും അസി. സെക്രട്ടറി കെ.ആര്‍ പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.