കേരള മീഡിയ അക്കാദമിയുടെ 2016-ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഏപ്രില്‍ 29 വരെ നീട്ടി. 2016 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്.
ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മകറിപ്പോര്‍ട്ടിനുളള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ. മൂര്‍ക്കൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുളള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുളള അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുളള അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിക്കുന്നത്.
റിപ്പോര്‍ട്ടില്‍/ ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും സഹിതം 2017 ഏപ്രില്‍ 29 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682 030 എന്ന വിലാസത്തില്‍ ലഭിക്കണം. അയയ്ക്കു കവറിനു പുറത്ത് ഏത് വിഭാഗത്തിലേയ്ക്കുളള എന്‍ട്രിയാണ് എന്നു രേഖപ്പെടുത്തണം. ഫോട്ടോകളുടെ 10 x 8 വലിപ്പത്തിലുളള പ്രിന്റുകള്‍ തന്നെ നല്‍കണം.
2016-ലെ ദൃശ്യമാധ്യമപ്രവര്‍ത്തകനുളള അവാര്‍ഡിന് പ്രേക്ഷകര്‍ക്കും പേര് നിര്‍ദേശിക്കാവുന്നതാണ്. ഏതു മേഖലയിലെ ഏതു പ്രോഗ്രാമാണ് ശുപാര്‍ശ ചെയ്യുന്നത് എന്നും രേഖപ്പെടുത്തേണ്ടതുണ്ട്. പ്രേക്ഷകര്‍ക്ക് അക്കാദമിയുടെ വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ ശുപാര്‍ശ അയയ്ക്കാം.
ഫലകവും 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരജേതാക്കള്‍ക്കു ലഭിക്കുക.