മഹാഭാരത കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ ചിത്രീകരിക്കുന്ന അമ്പതേക്കര്‍ സ്ഥലം മഹാഭാരത മ്യൂസിയമാക്കാന്‍ ഉദ്ദേശിക്കുന്നതായി സിനിമയുടെ സംവിധായകനും പ്രമുഖ പരസ്യചിത്രകാരനുമായ വി എ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ചിത്രീകരണസ്ഥലം ലഭ്യമാക്കുന്നതിനായി കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകളുടെ അനുമതി തേടിയിട്ടുണ്ട്.മഹാഭാരത കഥാസന്ദര്‍ഭങ്ങളേയും കാലഘട്ടത്തെയും പുനരാവിഷ്‌കരിക്കുന്നതിനായി രൂപകല്പന ചെയ്യുന്ന സെറ്റുകളും വസ്ത്രാഭരണങ്ങള്‍ ഉള്‍പ്പടെയുള്ള അനുബന്ധ സംവിധാനങ്ങളും അതേപടി നിലനിര്‍ത്തിക്കൊണ്ടുള്ള മ്യൂസിയമാണ് വിഭാവനം ചെയ്യുന്നത്. സന്ദര്‍ശകര്‍ക്കായി മഹാഭാരതം സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഇവിടെ സ്ഥിരം സംവിധാനം ഒരുക്കുമെന്ന് ശ്രീകുമാര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിട്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷനിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ദൃശ്യമാധ്യമ ശില്പശാലയില്‍ പരസ്യ ചിത്രനിര്‍മ്മാണം എന്ന വിഷയത്തില്‍ ക്ലാസ് എടുക്കാന്‍ എത്തിയതായിരുന്നു ശ്രീകുമാര്‍.
സ്മാര്‍ട്ട്് ഫോണ്‍ കയ്യിലുള്ളവരെല്ലാം ജേര്‍ണലിസ്റ്റുകളാകുന്ന കാലമാണിത്. എഡിറ്റര്‍മാര്‍ വേണ്ടാത്ത പബ്ലിക് സ്‌പേസിന്റെ സാധ്യത വര്‍ധിച്ചിരിക്കുകയാണെങ്കിലും ഇതിന്റെ ബുദ്ധിപരമായ ഉപയോഗമാണ് ആവശ്യമായിട്ടുള്ളത്. ലഭ്യമാകു വിവരം എങ്ങനെ വിശകലനം ചെയ്യപ്പെടുന്നു എന്നത് പ്രധാനമാണ്. ചിന്തയിലെ വ്യക്തതയും വിവേചന ബുദ്ധിയുമാണ്് പ്രൊഫഷണലിനെ വ്യത്യസ്ഥനാക്കുത്.
സമൂഹമാധ്യമങ്ങള്‍ക്ക് മുന്നില്‍ ആധുനിക മനുഷ്യന്‍ നഗ്നനാക്കപ്പെടുന്ന അവസ്ഥയാണുള്ളത്. സ്വകാര്യതയാണ് ഭാവിയിലെ സങ്കേതങ്ങള്‍ക്കായി നാം നഷ്ടപ്പെടുത്തേണ്ടിവരിക. ക്യാമറയുടെയും സോഫ്റ്റവെയറുകളുടേയും നിരീക്ഷണവലയത്തിലാണ് ലോകം. വിവരങ്ങളെയും വസ്തുതകളേയും യുക്തിപൂര്‍വ്വംകൈകാര്യം ചെയ്യുന്ന സമര്‍ത്ഥര്‍ക്ക് വിജയമുറപ്പാക്കാനാകും.
മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ മഹാഭാരതം പശ്ചാത്തലമാക്കിയുള്ള രണ്ടാമൂഴം എന്ന എം ടി വാസുദേവന്‍ നായരുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം ഒരു ആഗോള സിനിമയാകണം എന്നാണ് എം.ടി ആഗ്രഹിക്കുന്നത്. എം.ടി യോടൊപ്പം ചിത്രത്തിന്റെ തിരക്കഥയുടെ ചര്‍ച്ചയ്ക്കായി ഇരുദിനങ്ങള്‍ തീര്‍ത്ഥയാത്രപോലെയാണ് അനുഭവപ്പെട്ടത്.വ്യാസന്റെ മൗനത്തെ എം.ടി വാചാലമായി വ്യാഖ്യാനിച്ചതായി അനുഭവപ്പെട്ടുവെന്ന് ശ്രീകുമാര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ ആര്‍ പ്രമോദ് കുമാര്‍, ഫാക്കല്‍ട്ടി അംഗം കെ ഹേമലത എന്നിവര്‍ സംസാരിച്ചു.