കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ 2017-18 ബാച്ച് ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് പ്രവേശനനടപടികളുടെ രണ്ടാം ഘട്ടമായ അഭിമുഖം 2017 ആഗസ്റ്റ് 7, 8 തീയതികളില്‍ നടത്തും. ഇക്കഴിഞ്ഞ ജൂലൈ 22ന് നടത്തിയ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ അഭിമുഖത്തിന് അര്‍ഹത നേടിയവര്‍ക്ക് പങ്കെടുക്കാം. അവര്‍ക്കുള്ള അറിയിപ്പ് അക്കാദമിയില്‍ നിന്ന് അയച്ചിട്ടുണ്ട്.
ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സുകളിലേക്ക് എഴുത്തുപരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് 7നും പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് കോഴ്‌സിന് യോഗ്യത നേടിയവര്‍ക്ക് ആഗസ്റ്റ് 8നും ആണ് അഭിമുഖം. അര്‍ഹത നേടിയവരുടെ പട്ടികയും അഭിമുഖത്തിന്റെ സമയക്രമവും കൊണ്ടുവരേണ്ട രേഖകളുടെ വിവരവും അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ – ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിനുള്ളവര്‍ക്ക് ആഗസ്റ്റ് 7ന് രാവിലെ 9.30നും ഉച്ചയ്ക്ക് 1.30നും പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് കോഴ്‌സിനുള്ളവര്‍ക്ക് ആഗസ്റ്റ് 8ന് രാവിലെ 9.30നും ആണ് അഭിമുഖം. യോഗ്യത, വയസ്സ് തുടങ്ങിയവ തെളിയിക്കുതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനു സമീപമുള്ള അക്കാദമി ഓഫീസില്‍ ഹാജരാകണം.
അഭിമുഖത്തിനു ശേഷം പ്രവേശനത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഫീസായ 1500 രൂപ അടച്ച് സീറ്റ് ഉറപ്പാക്കാവുന്നതാണ്. അക്കാദമി കോമ്പൗണ്ടില്‍ത്തന്നെയുള്ള ഹോസ്റ്റല്‍ ലഭ്യമാകുന്ന പെകുട്ടികള്‍ 300 രൂപ അഡ്വാന്‍സായി അടയ്ക്കണം.