സാഹിത്യം ജീവിതത്തില്‍ നിന്ന് അകന്നുപോകുന്നതായി പ്രമുഖ സാഹിത്യനിരൂപകനും ജീവചരിത്രകാരനും അധ്യാപകനുമായ പ്രൊഫ: എം.കെ. സാനു പറഞ്ഞു. കലയ്ക്കും സാഹിത്യത്തിനും ജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ കഴിയില്ല. ജീവിതബന്ധം വിടാന്‍ കഴിയില്ല. രാഷ്ട്രീയമാകട്ടെ ജീവിതത്തെ തൊട്ടുരുമ്മി നില്‍ക്കുന്നതും അതിന്റെ ഗതിവേഗങ്ങളില്‍ മാറ്റം വരുത്തുന്നതുമായ പ്രതിഭാസമാണ് – സാനു മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവതിയുടെ നിറവിലെത്തി നില്‍ക്കുന്ന പ്രൊഫസര്‍ എം.കെ. സാനുവിനെ അക്കാദമി ചെയര്‍മാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
കാമ്പസ് രാഷ്ട്രീയം മദ്യമോ, മറ്റു ലഹരിപദാര്‍ത്ഥങ്ങളോപോലെ വര്‍ജ്യമല്ല. രാഷ്ട്രീയത്തിന്റെ മറുവശം ഹിംസയുമല്ല. ഭയമാണ് പലപ്പോഴും പ്രതികരണശേഷിക്ക് വിഘാതമായി നില്‍ക്കുന്ന ഘടകമെന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വിജ്ഞാന ശാഖകള്‍ അനുദിനം വര്‍ധിക്കുന്നു. മനുഷ്യരാശിയെ ഒന്നായിക്കാണുന്ന ശാസ്ത്രീയ സംസ്‌കാരവും വ്യവസ്ഥാപിത സംസ്‌കാരവുമാണ് ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന രണ്ട് സംസ്‌കാരങ്ങള്‍. രണ്ടു ശാഖകളും തമ്മിലുള്ള അനുരഞ്ജനമാണ് മാനവികതക്ക് ഏറെ ആവശ്യമായിട്ടുള്ളത്. ഇത് തമ്മിലുള്ള പാരസ്പര്യമില്ലായ്മ ലോകത്തിന് ഭീഷണിയാകുമെന്ന് സാനുമാസ്റ്റര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഇത് തമ്മിലുള്ള വൈരുധ്യം കുറയ്ക്കാനും സമന്വയിപ്പിക്കാനുമുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്ന് ‘മനുഷ്യത്വമില്ലാത്തതെന്തും എനിക്ക് അപരിചിതമാണെന്ന’ കാള്‍ മാര്‍ക്‌സിന്റെ വാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിഷലിപ്തമായ രാഷ്ട്രീയത്തിന്റെ വിലയായി കൊടുക്കേണ്ടി വരുന്നത് ജനാധിപത്യ ശരീരത്തില്‍ നിന്നുള്ള ഒരു റാത്തന്‍ മാംസമായിരിക്കാമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും വൈരുധ്യമില്ലാത്ത ഒറ്റ ഘടനയാണ്. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹവുമായി ബന്ധമില്ല. ക്രൂരമായ സാഹചര്യങ്ങള്‍ വിദ്യാഭ്യാസത്തെ ഞെരുക്കുന്നു. ജീവിതത്തിന്റെ ആര്‍ദ്രമായ വശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കലാലയങ്ങളില്‍ പഠിപ്പിക്കണം.
പ്രഭാഷണ കലയ്ക്ക് പുതിയ മാനം നല്‍കിയ സാനുമാസ്റ്റര്‍ രണ്ടു നൂറ്റാണ്ടുകളുടെ പ്രതിനിധിയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു. കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നതുപോലെ സാഹിത്യത്തിലെ സൂക്ഷ്മാംശങ്ങളെ സ്വാംശീകരിച്ച് വായനക്കാര്‍ക്കു മുന്‍പില്‍ നിരത്തിവച്ച ജീവചരിത്രകാരന്‍ കൂടിയാണ് എം.കെ. സാനുവെന്ന് ആര്‍.എസ്. ബാബു ചൂണ്ടിക്കാട്ടി.
എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ദിലീപ് സാനു മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, ഫാക്കല്‍റ്റി അംഗങ്ങളായ കെ. ഹേമലത, കെ. അജിത്, വിദ്യാര്‍ത്ഥി പ്രതിനിധി ശ്രീലക്ഷ്മി എസ് എന്നിവര്‍ സംസാരിച്ചു.