ഭാഷയ്ക്ക് സമൂഹവുമായി ബന്ധം വേണം; സമൂഹവുമായി വേറിട്ട അസ്തിത്വം ഭാഷയ്ക്കില്ല. സാധാരണക്കാരായ ആളുകളാണ് ഭാഷയെ മുന്നോട്ട് നയിക്കുന്നത്. ആ കണ്ണി നഷ്ടപ്പെട്ടാല്‍ ഭാഷയുടെ ശക്തി കെടും. സംസ്‌കാരത്തിലേക്കും പൈതൃകത്തിലേക്കുമുള്ള താക്കോലാണ് ഭാഷയെന്ന് പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ഡോ. രതിമേനോന്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയില്‍ കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് ‘ഭാഷ സംസ്‌കാരത്തിന്റെ താക്കോല്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു രതിമേനോന്‍.
മാറിവരുന്ന അഭിരുചികളെ ഉള്‍ക്കൊള്ളാന്‍ പാകപ്പെടുമ്പോഴാണ് ചരിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും അടയാളമായ ഭാഷ ശ്രേഷ്ഠമാകുന്നത്. പുതുവഴക്കങ്ങള്‍ ഭാഷയുടെ വളര്‍ച്ചക്ക് അനിവാര്യമാണ്. ചെറുപ്പക്കാര്‍ക്കിടയിലാണ് പുതിയ പദാവലികള്‍ രൂപപ്പെടുന്നത്. താത്കാലികമാണെങ്കിലും നൂതന പരീക്ഷണങ്ങള്‍ ഭാഷയില്‍ ഉണ്ടാകണം. ശക്തമായ ചോദനയും കാവ്യഭാവനയും ഭാഷയില്‍ നിന്ന് മറഞ്ഞുപോകുന്നതുകൊണ്ടാണോ പുതുതലമുറയുടെ എഴുത്തില്‍ അത് പ്രതിഫലിക്കാത്തത് എന്ന സംശയം രതിമേനോന്‍ പ്രകടിപ്പിച്ചു. ഉപഭോക്തൃ സംസ്‌കാരത്തിന്റെ തിരത്തള്ളലില്‍ ജീവിതത്തിന്റെ ആര്‍ദ്രഭാവങ്ങള്‍ മാഞ്ഞുപോകുന്നതായി ടീച്ചര്‍ പറഞ്ഞു. സമസ്ത വിജ്ഞാന ശാഖകളിലേയും അറിവിനെ പരിചയപ്പെടുത്തുന്ന പദാവലികള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമ്പോഴാണ് ഭാഷ വളരുന്നത്. ആശയങ്ങള്‍ പോലെ പ്രധാനമാണ് ഭാഷയും. ഉചിതമായ പദാവലി ഉപയോഗിച്ചുള്ള എഴുത്തിന് വായനക്കാരെ പിടിച്ചിരുത്താന്‍ കഴിയും. സാമ്പത്തിക സാമൂഹിക ഉന്നമനത്തിന് ഭാഷ ഉപയുക്തമല്ലാതെ വരുമ്പോള്‍ അതിനോടുള്ള ആഭിമുഖ്യം കുറയും. ജീവിത യാഥാര്‍ത്ഥ്യങ്ങളെ പകര്‍ത്തുന്ന ആയുധമാകണം ഭാഷ. അത് കാലാനുസൃതമായി മുന്നേറണം – രതി ടീച്ചര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരങ്ങളില്‍ പ്രിന്‍സ് മാത്യു തോമസ്, അഹല്യ വി.ആര്‍ (ഉപന്യാസരചന), സൂര്യമോള്‍ മഹേശന്‍, അനു എം.ആര്‍(ചെറുകഥ), അനന്ദു മോഹന്‍, ജിനേഷ് വി.എസ് (ഫോേട്ടാഗ്രഫി), സ്വാതി സ്വാമിനാഥ്, മൈത്രേയി എസ്. പണിക്കര്‍ (കവിതാരചന), പ്രീതിഷ് വൈ, ജോസ്‌മോന്‍ വര്‍ഗീസ് (കാര്‍ട്ടൂണ്‍) എന്നിവര്‍ സമ്മാനത്തിന് അര്‍ഹത നേടി. റിലയന്‍സ് കമ്യൂണിക്കേഷന്‍ കേരള മാനേജര്‍ കെ.ജി. ജ്യോതിര്‍ഘോഷ് സമ്മാനദാനം നിര്‍വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പി. സുജാതന്‍, രാജേന്ദ്രന്‍ പുതിയടത്ത്, ദേശാഭിമാനി ബ്യൂറോ ചീഫ് ഡി. ദിലീപ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം. ശങ്കര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫാക്കല്‍റ്റി അംഗങ്ങളായ കെ. ഹേമലത, കെ. അജിത്, വിദ്യാര്‍ത്ഥികളായ ശ്രീലക്ഷ്മി എസ്, സൂര്യമോള്‍ മഹേശന്‍, ബിദിന്‍ എം. ദാസ് എന്നിവര്‍ സംസാരിച്ചു.