പ്രവാസികളായ മലയാളികള്‍ അവരുടെ അനുഭവങ്ങളും സാങ്കേതിക രംഗത്തെ അറിവുകളും നാടിന്റെ വികസനത്തിനായി പകര്‍ന്നു നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ലോക കേരളസഭയുടെ മുന്നോടിയായി നടത്തിയ ആഗോള കേരളീയ മാധ്യമസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി പത്രപ്രവര്‍ത്തകര്‍ തങ്ങള്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന രീതി നാട്ടിലെ സഹപ്രവര്‍ ത്തകരുമായി പങ്കുവെക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരളസഭ നാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥിരം സഭയായിരിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ നാടിന്റെ വികസനത്തെപ്പറ്റി അഭിപ്രായം പറയാന്‍ മാത്രമല്ല, അതില്‍ നേരിട്ട് പങ്കാളികളാകാനും കേരളസഭയിലൂടെ പ്രവാസികള്‍ക്കാകും. പ്രവാസികള്‍ക്ക് അവരുടെ പദ്ധതികള്‍ സര്‍ക്കാരിന്റെ സഹായത്തോടെ നാട്ടില്‍ നടപ്പാക്കാനാകും. നിക്ഷേപം വര്‍ധിപ്പിച്ചാല്‍ മാത്രമേ തൊഴിലവസരങ്ങളുണ്ടാകൂ. അതിനുവേണ്ടത് എന്താണെന്ന് പരിശോധി ക്കണം – പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനായി എല്ലാവരെയും കൂട്ടിയോജിപ്പിക്കാന്‍ കഴിയണം. ലോക കേരളസഭകൊണ്ട് അതാണ് ഉദ്ദേശിക്കുന്നത്. വിവിധ മേഖലകളി ലുള്ളവരെ ഇതില്‍ അംഗങ്ങളാക്കും. രണ്ടു വര്‍ഷമായിരിക്കും അംഗങ്ങളുടെ കാലാവധി. സാങ്കേതികവിദഗ്ധരുടെ പാനല്‍ തയ്യാറാക്കും. സര്‍ക്കാര്‍ വിവിധ വിഷയങ്ങളില്‍ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഈ വിദഗ്ധരുടെ അഭിപ്രായം തേടാനാകും. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തു മ്പോള്‍, അഭിപ്രായങ്ങള്‍ കേരള സഭയുടേതായാല്‍ അതിന് കൂടുതല്‍ ആധികാരികത ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാ വര്‍മ, കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ഓങ്കോളജിസ്റ്റ് ഡോ. എം.വി. പിള്ള, മുന്‍ ചീഫ് സെക്രട്ടറി ഡി. ബാബു പോള്‍, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. കെ. എന്‍. ഹരിലാല്‍, ചലച്ചിത്ര സംവിധായകന്‍ സോഹന്‍ റോയി, മലയാളമനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, കേരള മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത്, സെക്രട്ടറി ജി. ബിജു എന്നിവര്‍ പങ്കെടുത്തു.
ലോക കേരളസഭയുടെ രേഖകളുടെയും ഇന്ത്യന്‍ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയില്‍ പരിശീലനം നല്‍കുന്ന പദ്ധതിയുടെ ലോഗോയുടെയും പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കേരള മീഡിയ അക്കാദമി, നോര്‍ക്ക, കൊല്ലം പ്രസ് ക്ലബ്, പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഗോള കേരളീയ മാധ്യമ സംഗമം സംഘടിപ്പിച്ചത്.