കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന മനോരമ ന്യൂസ് പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ജീനപോള്‍ എഴുതിയ കളി : കാഴ്ചയും എഴുത്തും എന്ന പുസ്തകത്തിന്റെ പ്രകാശനം അയര്‍ലാന്റ് ഫുട്‌ബോള്‍ താരം ടെറിഫെലാനും ദേശീയ ഷൂട്ടിങ്ങ് താരം എലിസബത്ത് സൂസന്‍ കോശിയും നിര്‍വ്വഹിച്ചു. കായിക താരങ്ങളുടെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് അവര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം പ്രസ് ക്ലബിന്റെ സഹകരണത്തോടെ എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രകാശന ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു അധ്യക്ഷത വഹിച്ചു.
കേരള മീഡിയ അക്കാദമി സ്‌പോര്‍ട്‌സ് ജേര്‍ണലിസം രംഗത്ത് പ്രസിദ്ധീകരിക്കുന്ന ആദ്യപുസ്തകമാണിതെന്നും തുടര്‍ന്നും ഈ വിഭാഗത്തിലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
പ്രശസ്ത കായിക ലേഖകന്‍ എ.എന്‍. രവീന്ദ്രദാസ് പുസ്തകം പരിചയപ്പെടുത്തി. ജീനപോള്‍ മറുപടി പ്രസംഗം നടത്തി. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ദിലീപ് സ്വാഗതവും കേരള മീഡിയ അക്കാദമി അസി. സെക്രട്ടറി എം. മധുസൂദനന്‍ നന്ദിയും പറഞ്ഞു.