ഹരിത കേരളം മത്സര വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു..
തിരുവനന്തപുരം : വിലമതിക്കാനാവാത്ത സൗകര്യങ്ങള്‍ നല്‍കിയ പ്രകൃതിയെ സംരക്ഷിക്കാനുള്ള ബാധ്യത മനുഷ്യനുണ്ടെന്നു ഗായകന്‍ ഡോ. കെ. ജെ യേശുദാസ് പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഹരിത കേരളം മത്സരത്തിന്റെ സമ്മാനദാനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിയ്ക്കുകയായിരുന്നു. അദ്ദേഹം. അപ്രിയ സത്യങ്ങള്‍ തുറന്നുപറയാന്‍ കഴിയാത്ത അവസ്ഥയാണിന്നുള്ളത്. അതുകാരണം അത്തരം കാര്യങ്ങള്‍ പറയുന്നത് നിര്‍ത്തുന്ന അവസ്ഥയിലാണ് ഞാന്‍. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ചില കാര്യങ്ങള്‍ പറയാതിരിക്കാനാകില്ല. അദ്ദേഹം പറഞ്ഞു. ഹ്രസ്വചിത്ര വിഭാഗത്തില്‍ കോളേജ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ തൃശൂര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥി അഖില്‍രാഗ്, സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ഹരിതകേരള ഗാന ചിത്രീകരണത്തില്‍ സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മാലിപ്പുറം എഐവിയുപി സ്‌കൂള്‍ വിദ്യാര്‍ഥിനി ഗൗരി സുഭാഷ്, രണ്ടാം സ്ഥാനം നേടിയ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി നിവേദിത എസ് മേനോന്‍, കോളേജ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ അഖില്‍ദാസ് മൂന്നാം സ്ഥാനം നേടിയ മുഹ്‌സീന യു കെ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പ്രോത്സാഹന സമ്മാനങ്ങള്‍ നേടിയ തിരുവനന്തപുരം ഗവ. ഗേള്‍സ് എച്ച് എസിലെ ദേവുകൃഷ്ണ എസ് നാഥ്, അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ഥിനി ഏഞ്ചല്‍ ജോസ് രാജു, അരീക്കോട് സുല്ലമുസല്ലാം സയന്‍സ് കോളേജ് വിദ്യാര്‍ഥി മുഹമ്മദ് നിജാദ് എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രസ് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനായി. കവി പ്രഭാവര്‍മ്മ, അക്കാദമി വൈസ് ചെയര്‍മാന്‍ ദീപു രവി, കൈരളി ടിവി ന്യൂസ് ഹെഡ് എന്‍ പി ചന്ദ്രശേഖരന്‍, ജി രാജ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു. മീഡിയ അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് സ്വാഗതം പറഞ്ഞു. മീഡിയ അക്കാദമിയുടെ ഉപഹാരം അക്കാദമി വൈസ് ചെയര്‍മാന്‍ ദീപു രവി യേശുദാസിന് നല്‍കി.
ഏതു വ്യക്തിയെ വിമര്‍ശിക്കുമ്പോഴും ആ വ്യക്തി സമൂഹത്തിന് നല്കിയ സംഭാവനകള്‍ മറുതട്ടില്‍ തൂക്കിനോക്കാന്‍ മറക്കരുതെന്ന്് കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവര്‍മ്മ പറഞ്ഞു.
മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയവര്‍ക്ക് 50000 രൂപയും മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. രണ്ടാം സമ്മാനര്‍ഹര്‍ക്ക് 25000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും സമ്മാനമായി നല്‍കി. സംവിധായകന്‍ ഹരികുമാര്‍, നടി പാര്‍വതി, എന്‍പി ചന്ദ്രശേഖരന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.