2012-ല്‍ മലയാളദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച എഡിറ്റോറിയലിന് കേരള പ്രസ് അക്കാദമി ഏര്‍പ്പെടുത്തിയ വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് ദീപിക ദിനപത്രം അര്‍ഹമായി.  25000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

    2012 നവംബര്‍ ഒന്‍പതിന് ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ഇതും അടിമവേലയല്ലേ?’ എന്ന മുഖക്കുറിപ്പിനാണ് അവാര്‍ഡ്.  മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ കെ.എം.റോയ്, സി.ഉത്തമക്കുറുപ്പ് എന്നിവര്‍ അംഗങ്ങളായ ജഡ്ജിംഗ് കമ്മിറ്റിയാണ് എഡിറ്റോറിയല്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ പരിശോധിച്ചത്.

കേരളത്തില്‍ പണിയെടുക്കുന്ന അന്യസംസ്ഥാനക്കാര്‍ക്ക് മതിയായ ജീവിതസൗകര്യങ്ങള്‍ നല്‍കാതെ കഷ്ടപ്പെടുത്തുന്ന അവസ്ഥയെക്കുറിച്ചും ജോലിചെയ്യാന്‍ മടിക്കുന്ന മലയാളിയുടെ സമീപനങ്ങളെക്കുറിച്ചും വളരെ തീഷ്ണമായ ഭാഷയില്‍ പ്രതികരിക്കുന്ന എഡിറ്റോറിയലാണിതെന്ന് സമിതി വിലയിരുത്തി.  അടിമവേലചെയ്യുന്ന അന്യദേശക്കാരുടെ പ്രശ്‌നങ്ങളിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ വേണ്ടത്ര പതിയാനും എഡിറ്റോറിയല്‍ കാരണമായിട്ടുണ്ടെന്ന് സമിതി അഭിപ്രായപ്പെട്ടു