ആഴത്തില്‍് ഗവേഷണം നടത്തിവേണം വാര്‍ത്തകള്‍ ശേഖരിക്കാന്‍. അങ്ങനെയുണ്ടാക്കുന്ന വാര്‍ത്ത സമൂഹത്തില്‍ സൃഷ്ടിക്കുന്ന ചലനമാണ് വാര്‍ത്തയുടെ മികവ് നിശ്ചയിക്കേണ്ടത്. പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ ഗവേഷണസാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫ് പറഞ്ഞു. ചുവരിലെ പ്രാണിപോലെയിരുന്ന് വാര്‍ത്തള്‍ ശേഖരിക്കുന്നതിനുപകരം വെള്ളിത്തിരയിലെ നായകകഥാപാത്രങ്ങളായി സ്വയം അവതരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും കോമാളികളാവുന്നു. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് കോഴ്‌സുകളുടെ 2018-19 ബാച്ചുകളിലേക്കുള്ള പ്രവേശനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു.

നല്ല അക്കാദമിക ബോധത്തോടെ കാര്യങ്ങളെ സമീപിച്ചാലേ നല്ല വാര്‍ത്തകള്‍ പിറക്കൂ. മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുന്ന വിവരങ്ങള്‍ അഥവാ ഡാറ്റ സൂക്ഷ്മമായി വിശകലനം ചെയ്യണം. ആഴത്തില്‍ വിവരശേഖരണം നടത്തേണ്ടതുണ്ട്. രേഖകളും ആഴത്തിലുള്ള വിശദാംശങ്ങളുമാണ് മാധ്യമപ്രവര്‍ത്തകര്‍ തിരയേണ്ടത്.

കൊല്ലാനും വളര്‍ത്താനുമാകുന്ന വാക്കിനെ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തണമെന്ന് ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ ഡോ. എം. ലീലാവതി പറഞ്ഞു. വാക്പ്രയോഗത്തിനുള്ള ശക്തി അന്ത:രംഗത്തില്‍ നിന്നു ഉയര്‍ന്നു വരേണ്ടതാണ്. ചിത്രങ്ങള്‍ക്കാകട്ടെ വാക്കുകളേക്കാള്‍ പലമടങ്ങ് ശക്തിയാണുള്ളത്. സത്യം വിളിച്ചുപറയാന്‍ നിരവധി സന്ദര്‍ഭങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭ്യമാകും. അതിനുള്ള അധികാരവും മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. അത്തരം സന്ദര്‍ഭങ്ങളെ വ്യത്യസ്തമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് ഡോ. ലീലാവതി ഓര്‍മ്മിപ്പിച്ചു.

ആദര്‍ശവിശുദ്ധിയോടെയും ലക്ഷ്യബോധത്തോടെയും ജോലി ചെയ്യണം. അറിവിനായുള്ള അഗ്നി കെടാതെ മനസ്സില്‍ സൂക്ഷിക്കണം എന്ന് ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന പ്രമുഖ മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ചടങ്ങില്‍ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം എസ്. ബിജു, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.പി. ജെയിംസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. ശങ്കര്‍, അധ്യാപകര്‍ കെ. ഹേമലത, കെ. അജിത്, അക്കാദമി സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.റ്റി. ശേഖരന്‍ എന്നിവര്‍ സംസാരിച്ചു.