മാറു കാലാവസ്ഥ, മാറേണ്ട വികസന സങ്കല്‍പ്പം: ശില്‍പ്പശാല സമാപിച്ചു
ജനപങ്കാളിത്തത്തോടെയുളള സാമൂഹ്യാധിഷ്ഠിത ദുരന്ത നിവാരണ പദ്ധതികളാണ് നവകേരള നിര്‍മ്മിതിക്ക് ആവശ്യമെന്ന് കേരള മീഡിയ അക്കാദമിയും നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയും ചേര്‍ന്ന് ‘മാറുന്ന കാലാവസ്ഥ മാറേണ്ട വികസന സങ്കല്‍പം’ എന്ന വിഷയത്തില്‍ നടത്തിയ ശില്പശാല അഭിപ്രായപ്പെട്ടു. പ്രളയകാലത്ത് കേരളത്തില്‍ പലതുളളികള്‍ പെരുവെളളമായതുപോലെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ യുവജനതയെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനത്തിലും പങ്കാളികളാക്കണം. പരിസ്ഥിതി സംരക്ഷണം ഉത്തരവാദിത്വമാണെന്ന് ഓരോ പൗരനും ഉത്തമബോധ്യമുണ്ടാകണം.
ആഘാതം ലഘൂകരിക്കാനും മുന്നൊരുക്ക നിവാരണത്തിനുമുളള മാര്‍ഗ്ഗങ്ങള്‍ക്കാണ് പ്രളയാനന്തര കേരളം പുനര്‍നിര്‍മ്മിക്കുമ്പോള്‍ ഊന്നല്‍ കൊടുക്കേണ്ടത്. മുന്‍പേ ലഭ്യമാകുന്ന സൂചനകളും മുന്നറിയിപ്പുകളും ജനങ്ങളിലേയ്ക്ക് എത്തിക്കാനും വിശകലനം ചെയ്യാനും ശ്രമം നടത്തേണ്ടതുണ്ട്.ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്നതിനുളള സൂചനകള്‍ വിലയിരുത്തി കൃത്യമായ മുന്നൊരുക്കം നടത്തണം. ദുരന്തനിവാരണത്തിനും ദുരന്തത്തിന്റെ ആഘാതങ്ങള്‍ ലഘൂകരിക്കാനും മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കണം. പാര്‍പ്പിട രൂപകല്പന മുതല്‍ നിയമങ്ങളില്‍ മാറ്റം വരുത്തുതുള്‍പ്പെടെയുളള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കണം. നഗരകേന്ദ്രീകൃതമായ പ്രളയം, ചുഴലിക്കാറ്റ്, ഭൂകമ്പം, വരള്‍ച്ച, സുനാമി തുടങ്ങി ഏതു പ്രകൃതി ദുരന്തങ്ങളെയും നേരിടാന്‍ നാം സജ്ജരാകേണ്ടതുണ്ട്. ശില്‍പശാലയില്‍ ക്ലാസ്സുകള്‍ നയിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.ഇതിനായി ജനങ്ങളേയും സജ്ജരാക്കേണ്ടതുണ്ട്. സ്ത്രീകളേയും കുഞ്ഞുങ്ങളേയും സ്വയരക്ഷ പരിശീലിപ്പിക്കണം. പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ സ്ത്രീകളെ ഒഴിച്ചു നിര്‍ത്തരുത്. ദുരന്ത നിവാരണ നിയമങ്ങളില്‍ അവശ്യം മാറ്റങ്ങള്‍ വരുത്തണം. ഉത്തരേന്ത്യയിലെ ആലിപ്പഴ വര്‍ഷത്തെ പ്രകൃതി ദുരന്തമായി കണക്കാക്കുന്നു; എന്നാല്‍ കേരളത്തിലെ തീരപ്രദേശത്തെ കടലേറ്റം പ്രകൃതിക്ഷോഭത്തില്‍പ്പെടുന്നില്ല.
ദുരന്തത്തിന്റെ ആഘാതം ഏറെ അനുഭവിക്കുന്നതും ഇരകളാക്കപ്പെടുന്നതും സാമ്പത്തികമായും സാമൂഹികമായും താഴെത്തട്ടിലുള്ളവരാണ്. ദുരന്തകാലത്തെ മാധ്യമ പ്രവര്‍ത്തനവും ചര്‍ച്ചാവിഷയമായി. വളരെ സജീവമായി മാധ്യമങ്ങള്‍ സ്‌പോട്ട് റിപ്പോര്‍ട്ടിംഗ് നടത്തി. റിപ്പോര്‍ട്ടിംഗിന്റെ ദുരന്തത്തില്‍ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് അതിസാഹസികമായി ജനങ്ങള്‍ക്കു മുന്‍പില്‍ ദുരന്തത്തിന്റെ നേര്‍ ചിത്രങ്ങള്‍ വരച്ചിട്ടു. പ്രളയാനന്തര കേരള നിര്‍മ്മിതിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണം. ദുരന്ത റിപ്പോര്‍ട്ടിംഗില്‍ രക്ഷാപ്രവര്‍ത്തനം മാത്രമല്ല അതിജീവന സാധ്യതകളും പുനരധിവാസവും വിഷയമാക്കണം. എന്നാല്‍ പ്രളയാനന്തര റിപ്പോര്‍ട്ടിംഗ് വിപണി കേന്ദ്രീകൃതമായ കാര്യങ്ങള്‍ക്ക് ഊന്നല്‍കൊടുക്കുതായി ചിലര്‍ ചൂണ്ടിക്കാട്ടി.
കേരള പുനര്‍ നിര്‍മ്മാണത്തിനായുളള സര്‍ക്കാര്‍ നയത്തിന്റെ-രൂപരേഖയായിട്ടാണ് ശില്‍പശാലയിലെ ആശയങ്ങള്‍ എന്നു പ്രതീക്ഷിക്കു്ന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പുഴകളേയും ജലസ്രോതസ്സുകളേയും പുനരുജ്ജീവിപ്പിക്കാനുളള കര്‍മ്മപദ്ധതികള്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപ്പിലാക്കണം. പുഴയെ കൊല്ലുന്നതിന് അണക്കെട്ടുകളും കാരണമായി എന്നത് യാഥാര്‍ത്ഥ്യമാണ്. പാടവും നീര്‍ത്തടങ്ങളും നികത്തിയതിനാല്‍ മഴവെളളത്തിന് ഇടമില്ലാതാകുന്നത് പ്രളയകാരണമായി. മണല്‍ പുഴയുടേതാണെ ഉത്തമബോധ്യം ഉണ്ടാകേണ്ടതുണ്ട്.
ഓരോ തുളളി ജലത്തിന്റെയും പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് സംരക്ഷിക്കാനുളള മാനേജ്‌മെന്റ് പ്ലാന്‍ ആണ് വേണ്ടത്. അറിവിന്റെ മേഖലയെ തദ്ദേശീയമോ അതിനുമുകളിലോ ഉളള സമാന്തര ബദല്‍ സംവിധാനങ്ങളിലേക്ക് വളരാനുളള അന്തരീക്ഷം സംജാതമാക്കണം. വിഭവഭൂവിനിയോഗ സംവിധാനവുമായി ഈ മാര്‍ഗ്ഗങ്ങളെ ബന്ധിപ്പിക്കണം. ഗ്രാമീണ മേഖലയില്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്. ആദിവാസി മേഖലയില്‍ പ്രാവര്‍ത്തികമാക്കിയ സംവിധാനത്തെക്കുറിച്ച് ദളിത്-പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.ഗീതാനന്ദന്‍ സൂചിപ്പിച്ചു. പ്രകൃതി വിഭവങ്ങള്‍ സാമൂഹ്യവളര്‍ച്ചക്ക് ഉപയോഗപ്പെടുത്തുമ്പോള്‍ കമ്പോളവത്ക്കരണത്തിന്റെ തോത് കുറയ്ക്കാനാകും. പശ്ചിമഘട്ട മേഖലയിലെ ജൈവ വൈവിധ്യം തിരിച്ചുകൊണ്ടുവരാന്‍ അടിയന്തിരമായ നടപടികള്‍ കൈക്കൊളളണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിനുളള ഉത്തരവാദിത്വം ഭരണകൂടത്തിന്റെ മാത്രമല്ല. ജനകീയാടിത്തറയിലൂന്നിവേണം നവനിര്‍മ്മാണ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത്.
ഇന്ത്യയിലെ സുനാമിയുടെയും കേരളത്തിലെയും പ്രളയത്തിന്റെയും കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചില്ല. സുനാമി സൂചകങ്ങളും മാപിനികളും ഇന്ത്യയില്‍ ലഭ്യമല്ല. എന്നിരിക്കലും ഇന്‍ഡോനേഷ്യയിലെ ഭൂകമ്പം രണ്ട് മണിക്കൂറിനു ശേഷമാണ് ഇന്ത്യന്‍ തീരത്ത് ആഞ്ഞടിച്ചത്. ലഭ്യമായ വിവരങ്ങള്‍ വച്ച് മരണനിരക്ക് കുറയ്ക്കാമായിരുന്നു. 10000 ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
രണ്ട് ദിവസം നടന്ന ശില്‍പ്പശാലയില്‍ സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം മുന്‍ മേധാവി ഡോ.കെ.ജി.താര, ഹൈദരാബാദിലെ സെറാന ഫൗണ്ടേഷനിലെ ഊര്ജ്ജവിദഗ്ധന്‍ ഡോ.സാഗര്‍ ധാര, സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ ഡോ.ജെ.ദേവിക, കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ ,ഡെക്കാന്‍ ക്രോണിക്കിള്‍ സീനിയര്‍ എഡിറ്റര്‍ കെ.പി.സേതുനാഥ്, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ഡോ.ജോര്‍ജ് എബി, ചാലക്കുടി പുഴ സംരക്ഷണ സമിതി അംഗം എസ്.പി.രവി, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കാലാവസ്ഥാവിഭാഗം ഫാക്കല്‍റ്റി അംഗം ഡോ.അഭിലാഷ്, പരിസ്ഥിതി ഗവേഷകനും അധ്യാപകനുമായ കെ.പി.ജയകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എ.ഗീതാനന്ദന്‍, കേരളീയം എഡിറ്റര്‍ ശരത് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
കേരളത്തിലുണ്ടായ പ്രളയത്തിന്റെ ദുരന്ത നിവാരണത്തിന് ആയിരക്കണക്കിന് പേര്‍ രംഗത്തിറങ്ങി. ഇതിന് യത്‌നിച്ചവരില്‍ മത്സ്യത്തൊഴിലാളികളും ഐടി പ്രൊഫഷണലുകളും മാധ്യമ പ്രവര്‍ത്തകരും സാധാരണക്കാരും ഉണ്ടായിരുന്നു. മനുഷ്യരിലെ നന്മ പുറത്ത് കൊണ്ട് വരുന്നതിന് ദുരന്തം കാരണമായി എന്ന് ശില്പശാലയില്‍ ആമുഖ പ്രഭാഷണം നടത്തിയ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്.ബാബു പറഞ്ഞു. മരണസംഖ്യ കുറയ്ക്കുന്നതിന് പൊതുജനപങ്കാളിത്തം വലിയ പങ്കു വഹിച്ചു. അവര്‍ക്കെല്ലാം ബിഗ് സല്യൂട്ട് നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. ശില്‍പ്പശാലയില്‍ മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പങ്കെടുത്തു.