കേരള മീഡിയ അക്കാദമിയുടെ 2017-ലെ മാധ്യമ അവാര്‍ഡുകള്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു. 25000/- രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.
മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് മംഗളം ദിനപത്രത്തിന്റെ ലേഖകന്‍ കെ.സുജിത് അര്‍ഹനായി. മുഖ്യധാരയുടെ തീണ്ടാപ്പാടകലെ ഇന്നും നില്‍ക്കേണ്ടിവരുന്ന ദളിത് ജീവിതങ്ങള്‍ തുറുകാണിക്കുന്ന ‘ഊതികത്തിക്കരുത് വീണ്ടും ആ ‘ചാരം’ എന്ന പരമ്പരയാണ് സുജിത്തിനെ അവാര്‍ഡിനര്‍ഹനാക്കിയത്. എം.പി.അച്യുതന്‍, കെ.ഗോവിന്ദന്‍കുട്ടി, ഡോ.പി.എസ്.ശ്രീകല എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.
മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിക്കുള്ള എന്‍. എന്‍. സത്യവ്രതന്‍ അവാര്‍ഡിന് മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ഷാജന്‍.സി.മാത്യു അര്‍ഹനായി. നാല് പതിറ്റാണ്ടായി ദേശീയപാത അതോറിറ്റിയുടെ ഫയലുകളില്‍ കുരുങ്ങിപോയ ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്ന ‘ദേശീയ പാതകം’ എന്ന സ്റ്റോറിയാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. സി. രാധാകൃഷ്ണന്‍, കെ.വി.സുധാകരന്‍, പി.പി.ജയിംസ് എന്നിവരായിരുന്നു വിധിനിര്‍ണ്ണയസമിതിയംഗങ്ങള്‍.
മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമിയുടെ പ്രാദേശിക ലേഖകന്‍ കെ.വി.രാജശേഖരന്‍ അര്‍ഹനായി. വികസനമുരടിപ്പ് നേരിടുന്ന കടമക്കുടി ദ്വീപുകളിലെ ജനജീവിതങ്ങളെ അടുത്തറിയുന്നതിനുളള ശ്രമമാണ് ‘വികസനം എത്താതെ കടമക്കുടി ദ്വീപുകള്‍ ‘ എന്ന പരമ്പരയിലൂടെ അദ്ദേഹം നടത്തിയത്. വി.എം.അഹമ്മദ്, ജ്യോതിര്‍ഘോഷ്, കെ.എ.ബീന എന്നിവരടങ്ങിയ സമിതിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.
മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് മാധ്യമം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം അര്‍ഹനായി. ‘ആധാറിനെ ആര്‍ക്കറിയാം’ എന്ന എഡിറ്റോറിയലാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഡോ.എം.ലീലാവതി, എസ്.ഡി.പ്രിന്‍സ്, ഡോ.പി.ജെ.ചെറിയാന്‍ എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.
മികച്ച ന്യൂസ് ഫോേട്ടാഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡിന് മലയാള മനോരമയിലെ ഫോട്ടോഗ്രാഫര്‍ എം.ടി വിധുരാജ് അര്‍ഹനായി. ‘പുലി വന്നേ പുലി’ എന്ന ചിത്രത്തിലൂടെ കണ്ണൂര്‍ നഗരത്തില്‍ ഇറങ്ങിയ പുലി മനുഷ്യരെ ആക്രമിക്കുന്ന അപൂര്‍വ്വ ദൃശ്യമാണ് പകര്‍ത്തിയിരിക്കുന്നത്. ശിവന്‍, ബൈജു ചന്ദ്രന്‍, എം.കെ.വിവേകാനന്ദന്‍ നായര്‍, എന്നിവരടങ്ങിയ സമിതിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.
മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്യാംകുമാര്‍ എ.എ അര്‍ഹനായി. അംഗവൈകല്യമുളള കൂട്ടുകാരനെ ഒരമ്മയുടെ കരുതലോടെ പരിചരിക്കുന്ന സഹപാഠിയായ പെ്ണ്‍കുട്ടിയുടെ കഥ പറയുന്ന ‘ എ റെയര്‍ ഫ്രണ്ട്ഷിപ്പ് ‘എന്ന റിപ്പോര്‍ട്ടാണ് ശ്യാംകുമാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കെ.കുഞ്ഞികൃഷ്ണന്‍, ചെറിയാന്‍ ഫിലിപ്പ്, ഡോ. നീതുസോന എന്നിവരടങ്ങിയ കമ്മറ്റിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.