സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജുതലങ്ങളില്‍ മാധ്യമ ക്ലബ്ബ് രൂപീകരിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പറഞ്ഞു.
നൂറിലധികം വിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷം മീഡിയ ക്ലബ്ബ് നിലവില്‍ വരും. പുതുതലമുറയില്‍ മാധ്യമ സാക്ഷരത വളര്‍ത്തുക, നല്ല സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളെ വാര്‍ത്തെടുക്കുക, പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മീഡിയ ക്ലബ്ബിന് പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ നാലിന് പകല്‍ 3.30ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. കെ. മുരളീധരന്‍ എംഎല്‍എ മുഖ്യാതിഥിയാകും. മീഡിയ അക്കാദമി വൈസ് ചെയര്‍മാനും കേരളകൗമുദി ചീഫ് എഡിറ്ററുമായ ദീപു രവി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, ഐ ആന്റ് പിആര്‍ഡി ഡയറക്ടര്‍ ടി.വി സുഭാഷ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി സി.നാരായണന്‍ എന്നിവര്‍ പങ്കെടുക്കും.
നാലുപതിറ്റാണ്ടാകുന്ന മീഡിയ അക്കാദമിയുടെ ആദ്യസബ്ബ് സെന്റര്‍ തിരുവനന്തപുരം ശാസ്തമംഗലത്ത് ആരംഭിക്കുകയാണ്. ഇവിടെ അക്കാദമിയുടെ വിവിധ കോഴ്‌സുകള്‍ നടത്തും. പുതിയ പദ്ധതികളുടെ ഏകോപന പ്രവര്‍ത്തനങ്ങളും ഇവിടെ ഉണ്ടാകും. ടൂറിസം-ദേവസ്വം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ തിങ്കളാഴ്ച രാവിലെ 11ന് സെന്റര്‍ ഉദ്ഘാടനം ചെയ്യും.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇതോടനുബന്ധിച്ച് നടക്കുന്ന മാധ്യമ മേളയില്‍ കേരളം തോല്‍ക്കില്ല എന്ന പേരില്‍സംസ്ഥാനം നേരിട്ട മഹാപ്രളയത്തിന്റെ കാഴ്ചകള്‍ അടങ്ങു ഫേട്ടോകളും വാര്‍ത്താ ക്ലിപ്പുകളും പ്രദര്‍ശിപ്പിക്കും.
‘നവകേരള നിര്‍മ്മിതിയില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ മാധ്യമ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാര്‍ ഡിസംബര്‍ മൂന്നിന് രാവിലെ 11.30നാണ്. മാറുന്ന ദൃശ്യമാധ്യമ സംസ്‌കാരത്തെപ്പറ്റിയുള്ള സംവാദം, നക്കീരന്‍ ഗോപാലുമായുള്ള അഭിമുഖം, വനിതാ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖം എന്നിവയാണ് മുഖ്യ പരിപാടികള്‍. സമാപനമായി എം ബി എസ് യൂത്ത് ക്വയര്‍ ഒരുക്കുന്ന 100 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംഘഗാന സായാഹ്നം. മാധ്യമ വാര്‍ത്തയുടെ പേരില്‍ സമീപകാലത്ത് ജയിലിലടയ്ക്കപ്പെട്ട തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും നക്കീരന്റെ എഡിറ്ററുമായ നക്കീരന്‍ ഗോപാലുമായുള്ള മുഖാമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടക്കും.
‘നവകേരള നിര്‍മ്മിതിയും മാധ്യമങ്ങളും’ എന്ന സെമിനാറില്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ തോമസ്, ന്യൂഡല്‍ഹിയിലെ ഇക്കണോമിക്‌സ് ടൈംസ് ഒപ്പിനിയന്‍ എഡിറ്റര്‍ ടി.കെ അരുണ്‍, മാധ്യമം ചീഫ് എഡിറ്റര്‍ ഒ.അബ്ദുല്‍ റഹ്മാന്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണപ്ലാക്കല്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എം. ജി രാധാകൃഷ്ണന്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, ദൂരദര്‍ശന്‍ തിരുവനന്തപുരം കേന്ദ്രം ഡയറക്ടര്‍ ബൈജു ചന്ദ്രന്‍, മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, ജീവന്‍ ടിവി എം.ഡി ബേബി മാത്യു സോമതീരം എന്നിവര്‍ പങ്കെടുക്കും.