കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജുകളില്‍ ആരംഭിക്കുന്ന മീഡിയ ക്ലബുകള്‍ നല്ല മനുഷ്യരെ വാര്‍ത്തെടുക്കുന്നതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മീഡിയ ക്ലബുകളുടെ ഉദ്ഘാടനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നല്ല മനുഷ്യരുണ്ടായിക്കഴിഞ്ഞാല്‍ നല്ല മാധ്യമപ്രവര്‍ത്തകരും നല്ല ഡോക്ടര്‍മാരും ഉണ്ടാകും.
സംസ്ഥാന സര്‍ക്കാര്‍ പുതിയ പാഠ്യപദ്ധതി ഉണ്ടാക്കാന്‍ പോകുകയാണ്. ലോകത്തെ തന്നെ അനന്യമായ ഒന്നായിരിക്കും അത്. ടെക്‌നോളജിക്കല്‍ പാഠ്യപദ്ധതിയായിരിക്കും. ഇപ്പോഴത്തെ പോലെ കുറെ വിഷയങ്ങള്‍ പഠിപ്പിച്ച് അതു പരീക്ഷിക്കുന്ന സമ്പ്രദായം ഉപേക്ഷിച്ച് കുട്ടികളെ അന്വേഷണങ്ങളിലേക്ക് നയിക്കുന്നതായിരിക്കും ആ പാഠ്യ പദ്ധതി. ഒപ്പംതന്നെ പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന തത്വത്തിലൂന്നിനിന്ന് ജനകീയ വിദ്യാഭ്യാസമെന്ന കാഴ്ചപ്പാട് തുടരുകയും ചെയ്യും. ഇതിന് ഊര്‍ജം പകരുന്നതാകണം മീഡിയ ക്ലബെന്നും മന്ത്രി പറഞ്ഞു.
മാധ്യമ സാക്ഷരത വളര്‍ത്തുന്നതാകും മീഡിയ ക്ലബുകളെന്ന് അദ്ധ്യക്ഷത വഹിച്ച മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു. കുട്ടികളില്‍ മാധ്യമ അവബോധം സൃഷ്ടിക്കുക മാത്രമല്ല, നേരേത്, നെറികേടേത് എന്ന തിരിച്ചറിവ് ഉണ്ടാക്കാനും ക്ലബുകള്‍ ലക്ഷ്യം വയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ സഹകരണത്തോടെ സ്‌കൂളുകളില്‍ ഇക്കൊല്ലം 100 മീഡിയ ക്ലബുകള്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ പറഞ്ഞു. കേരള കൗമുദി ചീഫ് എഡിറ്ററും മീഡിയ അക്കാദമി വൈസ് ചെയര്‍മാനുമായ ദീപു രവി, പി.ആര്‍.ഡി ഡയറക്ടര്‍ ടി.വി.സുഭാഷ്, കെ.യു.ഡബ്ലിയു.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍, സി.ബി.എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. രാജ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു. വയലാര്‍ അവാര്‍ഡ് നേടിയ കെ.വി.മോഹന്‍കുമാറിന് മീഡിയ അക്കാദമിയുടെ ഉപഹാരം ദീപുരവി സമ്മാനിച്ചു. അക്കാദമി സെക്രട്ടറി ഇന്‍ ചാര്‍ജ് പി.സി.സുരേഷ്‌കുമാര്‍ സ്വാഗതവും കെ. അജിത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് എം.ബി.എസ് യൂത്ത്ക്വയറിന്റെ ആഭിമുഖ്യത്തില്‍ 100 സ്‌കൂള്‍ കുട്ടികളുടെ ഗാനസന്ധ്യയും ഉണ്ടായിരുന്നു.
മാറുന്ന ദൃശ്യമാധ്യമ സംസ്‌കാരം എന്ന വിഷയത്തില്‍ രാവിലെ നടന്ന സംവാദത്തില്‍ ദൂരദര്‍ശന്‍ മുന്‍ അഡി. ഡയറക്ടര്‍ ജനറല്‍ കെ. കുഞ്ഞികൃഷ്ണന്‍, വിനു. വി.ജോണ്‍ (എഷ്യാനെറ്റ്), ഡോ.എന്‍.പി ചന്ദ്രശേഖരന്‍ (കൈരളി ടിവി), ഡോ.എം.ശങ്കര്‍ (മീഡിയ അക്കാദമി), എം.ആര്‍.ജയഗീത എന്നിവര്‍ സംസാരിച്ചു.