മാധ്യമ ജാഗ്രത കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്ന സാഹചര്യത്തില്‍ മാധ്യമ സാക്ഷരതക്കായി സ്‌കൂള്‍ – കോളേജ് തലത്തില്‍ തന്നെ കുട്ടികള്‍ക്ക് പരിശീലനം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം . ഇതിനുളള ശ്രമങ്ങള്‍ മീഡിയ അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ 2017-18 ബാച്ച് ജേര്‍ണലിസം &കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേര്‍ണലിസം പി.ജി.ഡിപ്ലോമ വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷനില്‍ ബിരുദദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഉന്നത സ്ഥാനത്തിരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ അവാസ്തവികമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് സ്വന്തം അനുഭവം ഉദാഹരിച്ച് ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

ഗവര്‍ണറെ ട്രാഫിക് പോലീസ് ഫൈന്‍ അടപ്പിച്ചതായി ദേശീയ മാധ്യമങ്ങളില്‍ അടക്കം തെറ്റായ വാര്‍ത്ത വന്നിരുന്നു. യഥാര്‍ത്ഥത്തില്‍ നടന്നത് ഗവര്‍ണര്‍ ഇല്ലാത്ത സമയം അമിതവേഗതയില്‍ ഡ്രൈവര്‍ ഓടിച്ച കാര്‍ ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഗവര്‍ണര്‍തന്നെയാണ് ഫൈന്‍ അടക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഗവര്‍ണര്‍ പിഴയടച്ചു എന്നാണ് വാര്‍ത്ത വന്നത്.
മാധ്യമ സ്വാതന്ത്യത്തിന് വേണ്ടിയുളള ആവശ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തെകുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ മാധ്യമ ധാര്‍മ്മികതയെ കുറിച്ചും നാമോര്‍ക്കേണ്ടതാണ്. ധാര്‍മ്മികത ഓരോ മാധ്യമ പ്രവര്‍ത്തകന്റെയും ജീവിതരീതി തന്നെയാകണം. സത്യം പറയുകയെന്നതാണ് പ്രധാനം. ജനാധിപത്യത്തിന്റെ കാവല്‍ക്കാരായി നിലകൊളളാന്‍ ഓരോ മാധ്യമ പ്രവര്‍ത്തകനും അവസരമുണ്ടാകണം ഗവര്‍ണര്‍ പറഞ്ഞു. സുപ്രീം കോടതി ജസ്റ്റിസ് ആയിരിക്കുമ്പോഴും വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ സേവനമനുഷ്ഠിക്കുമ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ക്കായി മീഡിയ റൂം ഉള്‍പ്പെടെയുളള സൗകര്യം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ചടങ്ങില്‍ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷത വഹിച്ചു.
മാനസികവും ശാരീരികവും ധൈഷണികവുമായ ശക്തിയാണ് ഓരോമാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ടതെന്ന് ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ഡോ.എം.ലീലാവതി പറഞ്ഞു. വാക്കുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുകയെന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവശ്യം വേണ്ട കഴിവ് . വെല്ലുവിളികളെ നേരിടാനുളള കരുത്ത് യുവമാധ്യമ പ്രവര്‍ത്തകര്‍ക്കും ഉണ്ടാകട്ടെയെന്ന് ടീച്ചര്‍ ആശംസിച്ചു. മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെയെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന പി.ടി.തോമസ് ആശംസിച്ചു. നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഗവേണിംഗ് കൗണ്‍സില്‍ മെമ്പര്‍ ലക്ഷ്മി മേനോന്‍ ആശംസയര്‍പ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍ സ്വാഗതവും അക്കാദമി സെക്രട്ടറി പി.സി.സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു
ജേര്‍ണലിസത്തില്‍ ഒന്നാം റാങ്ക് നേടിയ മൈത്രേയി എസ് പണിക്കര്‍. രണ്ടാം റാങ്ക് നേടിയ ജിനേഷ് വി.എസ്. മൂന്നാം റാങ്ക് നേടിയ അഞ്ജലി ജി, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ശ്രേയ നമ്പ്യാര്‍ കെ.കെ, രണ്ടാം റാങ്ക് നേടിയ ദേവേന്ദ്ര ഭാരതി എസ്, മൂന്നാം റാങ്ക് മുഹമ്മദ് ഹഫ്‌സല്‍ കെ, വിന്ദുജ വിജയ്, ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മി.എസ്, രണ്ടാം റാങ്ക് നേടിയ രജനി.എസ്.നായര്‍, മൂന്നാം റാങ്കിന് അര്‍ഹത നേടിയ പ്രിതീഷ് വൈ, സൂര്യമോള്‍ മഹേശന്‍,മികച്ച വിദ്യാര്‍ത്ഥികള്‍ക്കുളള ടി.കെ.ജി.നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ബിദിന്‍ എം. ദാസ് (ജേര്‍ണലിസം), ജയലക്ഷ്മി ആര്‍.നായര്‍ (പബ്ലിക് റിലേഷന്‍സ്), എസ്.സെന്തില്‍ കുമാര്‍ (ടെലിവിഷന്‍), കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് മുഹമ്മദ് അഫ്‌സല്‍ കെ. സി.പി മേനോന്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് നേടിയ മൈത്രേയി എസ് .പണിക്കര്‍ , ഐശ്യര്യ മോള്‍ രവി എന്നിവര്‍ ഗവര്‍ണറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.