ദേശീയ പത്രവാരാചരണവും പിജി ഡിപ്ലോമ പ്രവേശനോത്സവവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ദേശീയ പത്രവാരാചരണത്തിന്റെയും കേരള മീഡിയ അക്കാദമിയുടെ പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കുളള 2020-21 വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെയും ഉദ്ഘാടനം നവംബര്‍ 16 തിങ്കളാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വ്വഹിക്കും ഉദ്ഘാടനപ്രസംഗം മുഖ്യമന്ത്രി ഓൺലൈനിലൂടെയാണ് നിര്‍വ്വഹിക്കുന്നത്. സമ്മേളനം കാക്കനാട് മീഡിയ അക്കാദമി ഹാളില്‍ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നവംബര്‍ 16ന് രാവിലെ 11 മുതല്‍ നടക്കും. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനായിരിക്കും. ഡോ.എം.ലീലാവതി അനുഗ്രഹപ്രഭാഷണവും ഡോ.സെബാസ്റ്റിയന്‍ പോള്‍ ദേശീയ പത്രദിനപ്രഭാഷണവും നടത്തും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ.എസ്.സുഭാഷ് ആശംസയര്‍പ്പിക്കും. കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല സ്വാഗതവും ജേണലിസം വകുപ്പ് മേധാവി കെ.ഹേമലത നന്ദിയും പറയും.ദേശീയ പത്രദിനത്തോട് അനുബന്ധിച്ച് നവംബര്‍ 16 മുതല്‍ 22 വരെ വിവിധ പ്രസ് ക്ലബ്ബുകളുമായി സഹകരിച്ച് നേരറിയാനുളള അവകാശം ഉയര്‍ത്തിപ്പിടിച്ച് ‘മാധ്യമ വിശ്വാസ്യത സംരക്ഷണ വാരം’ അക്കാദമി സംഘടിപ്പിക്കുകയാണ്. സമാപന സമ്മേളനം കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് നവംബര്‍ 20ന് സംഘടിപ്പിക്കും. പ്രശസ്ത മാധ്യമ വിചക്ഷണന്‍ ശശികുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.