You are here:

Udayabanu A P

മാതൃഭൂമിയുടെ മുഖപ്രസംഗം വായിച്ച്, ഇതെതഴുതിയത് എ.പി.ഉദയഭാനുവാണ് എന്നു വായനക്കാര്‍ക്ക് പറയുവാന്‍ കഴിയുമായിരുന്നു, അദ്ദേഹം മാതൃഭൂമി പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ച 1961- 1978 കാലത്ത്. അത്രമേല്‍ വ്യത്യസ്തമായ ശൈലി മുഖപ്രസംഗമെഴുതുമ്പോള്‍ പോലും, നര്‍മോപന്യാസകാരന്‍ കൂടിയായ എ.പി.ഉദയഭാനുവിന് മാറ്റിവെക്കുവാന്‍ കഴിയുമായിരുന്നില്ല.

ചെറിയ പ്രായത്തില്‍ ദേശീയപ്രസ്ഥാനത്തിലേക്കിറങ്ങിത്തിരിച്ച അദ്ദേഹം സ്വാതന്ത്ര്യത്തിന് മുമ്പു, 29 ാം വയസ്സില്‍ നിയമസഭാംഗമായി. 1948 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സിക്രട്ടറിയായിരുന്നു അദ്ദേഹം പില്‍ക്കാലം മുഖ്യമായും പത്രപ്രവര്‍ത്തനത്തിനും ഗ്രന്ഥരചനയ്ക്കുമാണ് ചെലവഴിച്ചത്. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം വിട്ട ഉടന്‍ ദീനബന്ധു പത്രാധിപരായി. 1961ല്‍ കൊച്ചിയില്‍ മാതൃഭൂമി കേരളത്തിലാദ്യമായി ഒരു പത്രം രണ്ടാമതൊരു പ്രസിദ്ധീകരണയൂണിറ്റ് തുടങ്ങിയപ്പോള്‍ അദ്ദേഹമായിരുന്നു റസിഡന്റ് എഡിറ്റര്‍. മലയാളത്തില്‍ ആദ്യമായി ഒരു പത്രം കാര്‍ഷിക പേജ് തുടങ്ങുത് അദ്ദേഹം മാതൃഭൂമിയില്‍ ചുമതല വഹിക്കുമ്പോഴാണ്.

ഉദയഭാനു മാതൃഭൂമിക്ക് പുറമെ, മനോരാജ്യം, കുങ്കുമം, കേരളഭൂഷണം പത്രങ്ങളിലും കോളങ്ങള്‍ എഴുതിയിട്ടുണ്ട്. നിരവധി പൊതുചുതമലകള്‍ വഹിക്കുന്നതിനിടയിലാണ് അദ്ദേഹം മുപ്പതിലേറെ പുസ്തകങ്ങള്‍ എഴുതിയത്. എന്റെ കഥയും അല്പം,  എന്റെ കഥയില്ലായ്മകള്‍, തലതിരഞ്ഞ ചിന്തകള്‍, സായാഹ്നചിന്തകള്‍, വൃദ്ധവിചാരം തുടങ്ങിയവയാണ് കൃതികള്‍.

1993 ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള സ്വദേശാഭിമാനി പുരസ്‌കാരവും പത്രാധിപര്‍ കെ.സുകുമാരന്‍ പുരസ്‌കാരവും പൊതുപ്രവര്‍ത്തനരംഗത്തെ സംഭാവനകള്‍ക്കുള്ള സി.അച്യുതമേനോന്‍ പുരസ്‌കാരവും  ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നങ്ങ്യാര്‍ കുളങ്ങരയില്‍ 1915 ല്‍ ജനിച്ച ഉദയഭാനു 1999 ഡിസംബര്‍ 15 ന് അന്തരിച്ചു