You are here:

Viswambharan P

പത്രപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവട്മാറിയതാണ് പി.വിശ്വംഭരന്‍. 1946 മുതല്‍ 1958 വരെ തിരുവനന്തപുരത്ത് അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായിരുന്നു. 1967-ല്‍ തിരുവനന്തപുരത്ത് നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഒരു വ്യാഴവട്ടക്കാലമേ മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുള്ളൂവെങ്കിലും രാഷ്ട്രീയ ജീവിതം സുദീര്‍ഘമാണ്. 
തിരുവനന്തപുരം ജില്ലയിലെ കോവളത്ത് വെള്ളാറില്‍ 1925 ജൂണ്‍ 25-നാണ് ജനനം. അച്ഛന്‍ പത്മനാഭന്‍. അമ്മ ചെല്ലമ്മ.
പാച്ചല്ലൂര്‍ എല്‍.പി.സ്‌കൂള്‍, വെങ്ങാന്നൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍, നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. ചരിത്രവും ധനതത്വശാസ്ത്രവും പഠിച്ച് ബിരുദം നേടി. തിരുവനന്തപുരം ലോകോളേജില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. 
വിദ്യാര്‍ത്ഥിയായിരിക്കെ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥി കോഗ്രസ് രൂപീകരണത്തിലും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോഗസ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 
1949-ല്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. സോഷ്യലിസ്റ്റ് ആദര്‍ശങ്ങളിലേക്കുള്ള ചുവടുമാറ്റമായിരുന്നു അത്.
സോഷ്യലിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ജനതാ പാര്‍ട്ടി, ജനതാദള്‍ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആദ്യ സംസ്ഥാന കവീനറായിരുന്നു. അടിയന്തിരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ മുന്നണി പോരാളിയായിരുന്നു. സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെ ഏകീകരണത്തിനായി രൂപംകൊണ്ട സോഷ്യലിസ്റ്റ് ഫ്രണ്ടിന്റെ സംസ്ഥാന കവീനറായിരുന്നു. എസ്.എസ്.പി, ജനതാപാര്‍ട്ടി, ജനതാദള്‍ എന്നിവയുടെ ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്നു.
1954-ല്‍ നേമത്ത് നിന്ന് തിരുവിതാംകൂര്‍-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്. 1960-ല്‍ പി.എസ്.പി. അംഗമായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 
1967-ല്‍ സപ്തകക്ഷി മുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തുനിന്ന് ലോക്‌സഭയിലെത്തി. സ്വാതന്ത്ര്യസമരവുമായി ബന്ധമുണ്ടായിരുന്ന മലയാളി ദിനപത്രത്തിലാണ് പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം. 
1946 മുതല്‍ 1958 വരെ മലയാളി, മാതൃഭൂമി, സ്വതന്ത്രകാഹളം, ദേശബന്ധു തുടങ്ങിയ ദിനപത്രങ്ങളുടേയും വാര്‍ത്താ ഏജന്‍സിയായ യു.പി.ഐയുടേയും തീരുവനന്തപുരം ലേഖകനായിരുന്നു.
പത്രപ്രവര്‍ത്തക സംഘടനയുടെ രൂപീകരണത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട് വിശ്വംഭരന്‍. തിരു-കൊച്ചി വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ ദേശീയ കൗസില്‍ അംഗവുമായിരുന്നു. 1958-ല്‍ പത്രപ്രവര്‍ത്തന രംഗത്തുനിന്ന് പിന്മാറി. 
നിരവധി ട്രേഡ് യൂണിയനുകളുടെ അമരക്കാരനായിരുന്ന വിശ്വംഭരന്‍ സഹകരണ രംഗത്തും സക്രിയമായിരുന്നു. 
അനുസ്മരണകള്‍ അഭിപ്രായങ്ങള്‍, മറക്കാത്ത അനുയാത്രകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് താമസം. അവിവാഹിതനാണ്.