കേരള മീഡിയ അക്കാദമിയുടെ 2017-ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പിന് അര്‍ഹരായ മാധ്യമപ്രവര്‍ത്തകര്‍ക്കുളള ഏകദിന ഗവേഷണ ശില്പശാല മാധ്യമപ്രതിഭാസംഗമം എന്ന പേരില്‍ 2018 ജൂണ്‍ 12 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ വി.കെരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.ജി. സന്തോഷ്, ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍ എന്നിവര്‍ പ്രസംഗിക്കും.
സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന് ഡോ. പി.കെ. രാജശേഖരന്‍ (ന്യൂസ് എഡിറ്റര്‍, മാതൃഭൂമി ) – മലയാളത്തിലെ ലിറ്റില്‍ മാഗസിന്‍ പ്രസ്ഥാനത്തിന്റെ ചരിത്രം, സാജന്‍ എവുജിന്‍ (ബ്യൂറോ ചീഫ്,ദേശാഭിമാനി ) – കര്‍ഷക, ദളിത് അവസ്ഥയും മാധ്യമങ്ങളും സമകാലിക ഇന്ത്യയില്‍ എന്നിവരെയാണ് തിരഞ്ഞെടുത്തിട്ടുളളത്.
സമഗ്രവിഷയത്തില്‍ മിന്നു.കെ.വി , ബിജീഷ്.ബി, ടി.കെ. സുജിത്ത്, മനോജ്. ബി, ഇജാസ്. ബി.പി, ഡി. ജയകൃഷ്ണന്‍, ദീപ.എം, വിനയ. പി.എസ് , ഡോ. ബി. ബാലഗോപാല്‍ എന്നിവര്‍ക്ക് 75,000/- രൂപ വീതവും ഫെലോഷിപ്പ് നല്‍കും.
പൊതു ഗവേഷണ മേഖലയില്‍ സീമ മോഹന്‍ലാല്‍ , സോയ് പുളിക്കല്‍, ഇ.വി. ഉണ്ണികൃഷ്ണന്‍, ഗിരീഷ്‌കുമാര്‍.കെ, ടി.കെ. സജീവ്കുമാര്‍, പാര്‍വതി ചന്ദ്രന്‍, കാര്‍ത്തിക. സി, ബിജു.സി.പി , പ്രദീപ്.എം., ജോമിച്ചന്‍ ജോസ്, കെ. പ്രദീപ്കുമാര്‍ എിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും.
ഡോ. എം. ലീലാവതി, തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ. ജെ. പ്രഭാഷ്, ഡോ. കെ.അമ്പാടി, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
ഫെലോഷിപ്പ് ജേതാക്കള്‍ക്ക് തങ്ങളുടെ പ്രബന്ധങ്ങള്‍ തയ്യാറാക്കുതിനുളള ഗവേഷണപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഈ ശില്പശാലയുടെ ലക്ഷ്യം. ശാസ്ത്രത്തിലും മാധ്യമ പഠനത്തിലും അവഗാഹമുളള വിദഗ്ധര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കും. ഫെലോഷിപ്പ് ജേതാക്കള്‍ക്ക് വിഷയങ്ങളുടെ സൂക്ഷ്മരൂപം അവതരിപ്പിക്കാനും വിദഗ്ധാഭിപ്രായം സ്വീകരിക്കാനും ഈ ശില്‍പശാല അവസരമൊരുക്കും.