സിനിമകളിലൂടെ ഒരിക്കലും തിന്മയെ മഹത്വവത്കരിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. നെഗറ്റീവ് ആയ ചിന്തകളെ സമൂഹത്തിലേക്ക് ഇറക്കിവിടാന്‍ ശ്രമിച്ചിട്ടില്ലെന്നും നന്മയുടെ പക്ഷത്തുമാത്രം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നാട്ടില്‍ നടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിക്കുന്ന സിനിമകളിലെ നന്മതിന്മകള്‍ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് കഴിയണമെന്നും സിബി മലയില്‍ ഓര്‍മ്മിപ്പിച്ചു.
മനുഷ്യന്റെ ജിവിതക്രമങ്ങളെ നിയന്ത്രിക്കുന്ന ഹൃദയമിടിപ്പുപോലെ താളനിബദ്ധമായ ഒന്നാണ് എഡിറ്റിംഗ് എന്ന് പ്രശസ്ത സിനിമാസംവിധായകന്‍ അഭിപ്രായപ്പെട്ടു. കഥാസന്ദര്‍ഭം ആവശ്യപ്പെടുന്ന താളക്രമം തിരിച്ചറിയാന്‍ എഡിറ്റര്‍ക്ക് കഴിയണം. ഡയറക്ടറും എഡിറ്ററും തമ്മില്‍ നല്ല പാരസ്പര്യം ഉണ്ടായാല്‍ മാത്രമേ നല്ല രീതിയില്‍ എഡിറ്റിംഗ് നിര്‍വഹിക്കാന്‍ കഴിയൂ. കേരള മീഡിയ അക്കാദമിയില്‍ 360 ഡിഗ്രി വിര്‍ച്വല്‍ റിയാലിറ്റി എഡിറ്റിംഗ് ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സിബി മലയില്‍.
പ്രമേയത്തിന്റെ നന്മതിന്മകള്‍ തിരിച്ചറിയാനും ഔചിത്യബോധത്തോടെ സമൂഹത്തിലേക്ക് സന്ദേശം എത്തിക്കാനും കഴിയണം. കഥയുടെ താളവും (പേസ്) ഡയറക്ടറുടെ മനസ്സിലെ ഷോട്ടുകളുടെ വിന്യാസവും തിരിച്ചറിയണം. അതിന്റെ അനുക്രമത്തിന് ഉപരിയായി ഷോട്ടുകളെ വളര്‍ത്തി കൊണ്ടുവരുമ്പോള്‍ എഡിറ്റിംഗ് ടേബിളില്‍ കഥ രൂപപ്പെടുന്നു. ഒരു നല്ല എഡിറ്റര്‍ക്ക് മാത്രമേ അതിന് കഴിയൂ.
സത്യത്തില്‍ നിന്ന് വ്യതിചലിക്കാതെ കര്‍മ്മഭൂമിയില്‍ മുന്നോട്ടുപോകണമെന്ന ദൃഢപ്രതിജ്ഞ ഉള്ളിലുണ്ടാകണമെന്ന് അധ്യക്ഷത വഹിച്ച കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ അക്കാദമി സെക്രട്ടറി കെ. മോഹനന്‍ സ്വാഗതവും അസി.സെക്രട്ടറി പി.സി.സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ശങ്കര്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ കെ. ഹേമലത, കെ. അജിത്, ലീന്‍ തോബിയാസ്, എം.ജി. ബിജു എന്നിവര്‍ സംസാരിച്ചു.