മലയാളം പത്ര-പുസ്തക പ്രസാധനരംഗത്ത് സ്വതന്ത്രസോഫ്റ്റ്വെയറുകളുടെ സാദ്ധ്യതകള്‍ വികസിപ്പിച്ച് പ്രസാധനം ചെലവുകുറഞ്ഞതും സുരക്ഷിതവും സുഗമവും ആക്കാനുള്ള കര്‍മ്മപരിപാടിക്കു രൂപം നല്കാന്‍ കേരള മീഡിയ അക്കാദമി പ്രസാധനസ്വാശ്രയത്വ ഉച്ചകോടി (Summit on Self-reliant Publishing) സംഘടിപ്പിക്കുന്നു. ഒക്‌റ്റോബര്‍ 31, നവംബര്‍ 1 തീയതികളില്‍ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലാണ് ഉച്ചകോടി.
സ്വതന്ത്ര ഡിസൈന്‍ സോഫ്റ്റ്വെയറായ ‘സ്‌ക്രൈബസ്’ അറബിഭാഷയ്ക്കും ഇന്‍ഡ്യന്‍ ഭാഷകള്‍ക്കും ഉപയോഗപ്പെടുമാറു വികസിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ഒമാന്‍ വിദഗ്ദ്ധന്‍ ഫഹദ് അല്‍ സെയ്ദി ഉച്ചകോടി ഒക്ടോബര്‍ 31 രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമിയുടെ സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉദ്യമങ്ങളുടെ ഉദ്ഘാടനം അന്ന് വൈകുന്നേരം ധനമന്ത്രി ഡോ: റ്റി.എം. തോമസ് ഐസക്കും നവംബര്‍ 1 ഉച്ചയ്ക്ക് 12.30 ന് ചേരുന്ന സമാപനസമ്മേളനം തുറമുഖ- ആര്‍ക്കൈവ്‌സ്-മ്യൂസിയം മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളിയും ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍, തോമസ് ജേക്കബ്, എം.വി. ശ്രേയാംസ് കുമാര്‍, പി. രാജീവ്, ദീപു രവി, രാജാജി മാത്യു തോമസ്, വെങ്കിടേശ് രാമകൃഷ്ണന്‍, പിആര്‍ഡി സെക്രട്ടറി പി. വേണുഗോപാല്‍, പിആര്‍ഡി ഡയറക്ടര്‍ യു.വി. ജോസ്, ഡോ: പി.കെ. രാജശേഖരന്‍, ജോണ്‍ മുണ്ടക്കയം, എസ്.ബിജു, സി. നാരായണന്‍, സുരേഷ് വെള്ളിമംഗലം, വി.എസ് രാജേഷ് തുടങ്ങിയവര്‍ പ്രധാനസമ്മേളനങ്ങളില്‍ പങ്കെടുക്കും.
ഡോ: ബി. ഇക്ബാല്‍, ഡോ: എം.ആര്‍. ബൈജു, പ്രൊഫ: വി. കാര്‍ത്തികേയന്‍ നായര്‍, മനോജ് പുതിയവിള, പ്രൊഫ. ദീപ പി. ഗോപിനാഥ്, ഡോ: എന്‍.പി. ചന്ദ്രശേഖരന്‍, ഡോ. എസ്. കുഞ്ഞമ്മ, ഡോ.സീമ ജെറോം, എം അരുണ്‍ തുടങ്ങിയവര്‍ അദ്ധ്യക്ഷത വഹിക്കുന്ന സാങ്കേതിക സെഷനുകളില്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ വിദഗ്ദ്ധര്‍ പ്രസാധനരംഗത്തെ അതിന്റെ സാദ്ധ്യതകള്‍ അവതരിപ്പിക്കുകയും സോഫ്റ്റ്വെയറുകള്‍ പരിചയപ്പെടുത്തുകയും ചെയ്യും.
ഡോ. മഹേഷ് മംഗലാട്ട്, അനിവര്‍ അരവിന്ദ്, കെ.എച്ച്. ഹുസൈന്‍, കെ.വി. അനില്‍കുമാര്‍, കെ.എന്‍. രാജേഷ്, രഞ്ജിത് സിജി, അമ്പാടി, കണ്ണന്‍, പി.കെ. അശോക് കുമാര്‍, മുജീബ് എന്നിവരാണു വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് മാധ്യമം, പ്രസാധനം, അച്ചടി, ഡിസൈന്‍, ഡിറ്റിപി രംഗങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയിലൂടെ പ്രസാധനരംഗം സ്വതന്ത്രസോഫ്റ്റ്വെയര്‍ അധിഷ്ഠിതമാക്കാനുള്ള കര്‍മ്മപദ്ധതിക്കു രൂപം നല്കും.
പ്രസാധനത്തിന്റെ അടിസ്ഥാനമേഖലകളായ ടൈപ്പ് സെറ്റിങ്, ഡിസൈനിങ്, അച്ചടി, പത്രങ്ങളിലെ വാര്‍ത്താപരിപാലനം തുടങ്ങിയവ വിലയേറിയ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകളെ ആശ്രയിച്ചു നിലനില്ക്കുന്നതിനാല്‍ പ്രതിസന്ധി നേരിടുകയാണ്. ‘സ്‌ക്രൈബസ്’ എന്ന സോഫ്റ്റ്വെയറിന് അടുത്തിടെ ഉണ്ടായ വികാസം ഈ പ്രതിസന്ധിക്കു പരിഹാരം ആകുകയാണ്. ഇതിനൊപ്പം പ്രസാധനരംഗത്തെ മറ്റ് ആവശ്യങ്ങള്‍ക്കുള്ള ചില സ്വതന്ത്രസോഫ്റ്റ്വെയറുകളും വികസിപ്പിക്കാനുള്ള സാദ്ധ്യത തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ യൂണിക്കോഡ് ഫോണ്ടുകള്‍ രൂപകല്പന ചെയ്യേണ്ടതുമുണ്ട്.
ദശലക്ഷക്കണക്കിനു രൂപ വേണ്ടിവരുന്ന ഈ പ്രവര്‍ത്തനം മിക്ക സ്ഥാപനങ്ങള്‍ക്കും സ്വന്തം നിലയ്ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. ഇതിനായി ഈ മേഖലയുടെ എല്ലാ ഗുണഭോക്താക്കളുടെയും കൂട്ടായ പരിശ്രമത്തിനു കേരള മീഡിയ അക്കാദമി മുന്‍കൈ എടുക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു. പത്രം, പ്രസാധനം, അച്ചടി, ഡിസൈന്‍, ഡിറ്റിപി രംഗങ്ങളിലെ സ്ഥാപനങ്ങളും സംഘടനകളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.