കേരള മീഡിയ അക്കാദമി പുതിയ കോഴ്‌സുകള്‍ക്ക് തുടക്കം
സിനിമയില്‍ മുന്നേറാന്‍ സാങ്കേതിക വിദ്യയിലെ അറിവ് അനിവാര്യം: സിബി മലയില്‍



പുത്തന്‍ സാങ്കേതിക വിദ്യയില്‍ കൃത്യമായ അറിവു നേടുന്നവരാണ് ഇന്ന് സിനിമയില്‍ മുന്നേറുന്നതെന്ന് പ്രശസ്ത സംവിധായകന്‍ സിബി മലയില്‍. സാങ്കേതിക വിദ്യയുടെ സമകാലിക വിവരങ്ങളില്‍ അറിവു നേടുക അതിപ്രധാനമാണ്. സിനിമയുടെ വിവിധ മേഖലകളിലേക്ക് കടക്കാനാഗ്രഹിക്കുന്നവര്‍ ഇത്തരം പരിശീലനത്തിന് ഉചിതമായ സ്ഥാപനങ്ങള്‍ തന്നെ തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാ സ്വപ്നവുമായി നടന്ന തന്നെപ്പോലുള്ള പഴയ തലമുറയ്ക്ക് ഇതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കേരള മീഡിയ അക്കാദമി പോലുള്ള പല സ്ഥാപനങ്ങളും ഇതിന് സൗകര്യമൊരുക്കുന്നുവെന്നത് സന്തോഷകരമാണ്. മുമ്പ് സിനിമയില്‍ വന്ന് വര്‍ഷങ്ങളെടുത്ത് ഇത്തരം കാര്യങ്ങള്‍ പഠിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ന് എല്ലാത്തിനും വേഗം കൂടിയ കാലത്ത് ഇത് പ്രായോഗികമല്ല. എം.ടിയെ പോലെ മഹാനായ എഴുത്തുകാരന്റെ ആത്മകഥാംശമുള്ള സിനിമകള്‍ സംവിധാനം ചെയ്യാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിന്റെ ഉദ്ഘാടനം ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമയുടെ സംവിധായകന്‍ ഫാസില്‍ മുഹമ്മദ് നിര്‍വഹിച്ചു. ഫെമിനിച്ചി ഫാത്തിമ പോലൊരു ചെറിയ സിനിമയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ലഭിച്ച സ്വീകാര്യത ചലച്ചിത്രകാരന്‍ എന്ന നിലയിലുള്ള തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചെന്ന് ഫാസില്‍ മുഹമ്മദ് പറഞ്ഞു. ശബ്ദത്തിന്റെ സാധ്യതകള്‍ പരമാവധി തന്റെ സിനിമയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഫെമിനിച്ചി ഫാത്തിമയുടെ സ്വീകാര്യതയ്ക്കു പിന്നില്‍ ശബ്ദത്തിന് വലിയ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമിയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുമെന്ന ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാഗ്ദാനം സ്വാഗതാര്‍ഹമാണെന്നും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തുടര്‍ പഠനത്തിനുള്ള അവസരങ്ങള്‍ക്ക് വഴി ഒരുക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു. ചടങ്ങിന് മുന്നോടിയായി എം.ടി അനുസ്മരണം നടന്നു.
കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍,ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കോര്‍ഡിനേറ്റര്‍ പ്രതാപ്, പ്രതിനിധി ആശ മാത്യു, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സി.എല്‍ തോമസ്, അസിസ്റ്റന്റ് സെക്രട്ടറി എന്‍ സതീഷ് കുമാര്‍ അക്കാദമി അധ്യാപകരായ ബിജു എം.ജി, വിനീത വി.ജെ, തുടങ്ങിയവര്‍ സംസാരിച്ചു.