വ്യാജവാര്‍ത്തയുടെ കുത്തൊഴുക്കില്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം – മുഖ്യമന്ത്രി പിണറായി വിജയന്‍
വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കിന്റെ കാലമായി ലോകസഭ തെരഞ്ഞെടുപ്പിനെ മാറ്റുന്നതിനെതിരായ സ്വയം വിമര്‍ശനവും ആത്മ പരിശോധനയും മാധ്യമങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ കേരള മീഡിയ കോണ്‍ക്ലേവ്-24 അന്താരാഷ്ട്ര മാധ്യമോത്സവം കാക്കനാട് മീഡിയ അക്കാദമി അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയും വര്‍ഗീയതയും ഏറ്റുമുട്ടുന്നിടത്ത് നിഷ്പക്ഷത കാപട്യമാണ്.
അത് വര്‍ഗീതയുടെ പക്ഷംചേരലാണ്. മലയാള ഭാഷ വളരുന്നത് വൈവിധ്യങ്ങള്‍കൊണ്ടാണ്. വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയതയുടെ വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷതയുടെ പക്ഷത്ത് നിന്ന് ചെറുക്കേണ്ടത് മാധ്യമങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയുടെ മാതൃകയില്‍ മലയാള ഭാഷയില്‍ വരുന്ന ന്യൂജനറേഷന്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഓരോ വര്‍ഷവും മലയാള ഭാഷാ നിഘണ്ടു ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും മീഡിയ അക്കാദമിയും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റും ഉള്‍പ്പെടെ സഹകരിച്ച് സംവിധാനം ഉണ്ടാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള മീഡിയ അക്കാദമിയുടെ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ് പുലിറ്റ്സര്‍ പ്രൈസ് ജേതാവും കാശ്മീരി ഫോട്ടോഗ്രാഫറുമായ സന ഇര്‍ഷാദ് മട്ടുവിനും ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പ്രത്യേക പുരസ്‌കാരം ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാലിനും മുഖ്യമന്ത്രി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും, ശില്‍പ്പവും, പ്രശസ്തി പത്രവുമാണ് ഓരോരുത്തര്‍ക്കും നല്‍കിയത്.
ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കനത്ത വെല്ലുവിളി നേരിടുകയാണ്. കേരളത്തില്‍ സത്യമായ വാര്‍ത്തയോ വസ്തുതാപരമായ പേരോ നല്‍കിയതിന്റെ പേരിലോ സര്‍ക്കാരിനെയോ അതിന് നേതൃത്വം നല്‍കിയവരെയോ വിമര്‍ശിച്ചതിന്റെ പേരിലോ ഒരു മാധ്യമസ്ഥാപനത്തിനും പ്രവര്‍ത്തകനും ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിന്റെ ക്രൂരതകള്‍ മൂടിവയ്ക്കുന്നതിനുളള മാധ്യമനയം ആഗോളമായി മേധാവിത്വം നേടിയിരിക്കുന്നു. അമേരിക്കന്‍-ഇസ്രയേല്‍ ലോബി മാധ്യമമേഖലയില്‍ ശക്തമാണ്. ഇതിന്റെ സ്വാധീനം ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലും പ്രതിഫലിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’ അല്‍ ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫ് വയേല്‍ അല്‍ ദഹ്ദൂഹിനെ മീഡിയ പേഴ്സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തത് ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദഹ്ദൂഹിന്റെ ഭാര്യയും മക്കളും പേരക്കുട്ടിയും ഉള്‍പ്പെടെ കുടുംബത്തിലെ പത്തിലധികം പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും അചഞ്ചലമായി മാധ്യമപ്രവര്‍ത്തനം തുടരുന്ന ദഹ്ദൂഹിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേന്ദ്രഭരണകൂടത്തില്‍നിന്നും വ്യത്യസ്തമായി കേരളത്തില്‍ ഒരു മാധ്യമസൗഹൃദ നയം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെട്രോ റെയിലിന്റെ മൂന്നാം ഘട്ടം വികസനത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയുടെ നിലവിലുള്ള കെട്ടിടം പൊളിക്കപ്പെടുന്ന സാഹചര്യത്തില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലുമുള്ള സ്ഥാപനമായി വളര്‍ത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. അക്കാദമി മുന്‍ ചെയര്‍മാന്‍ തോമസ് ജേക്കബ്ബ്, സന ഇര്‍ഷാദ് മട്ടു, ആര്‍. രാജഗോപാല്‍, മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍, മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രി പ്രൊഫ. കെ.വി തോമസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ടി. വി സുഭാഷ്, കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, കെ.യു.ഡബ്ബ്യു.ജെ സംസ്ഥാന സെക്രട്ടറി കിരണ്‍ബാബു, അക്കാദമി ജനറല്‍ കൗണ്‍സിലംഗം സ്മിത ഹരിദാസ് എന്നിവര്‍ സംസാരിച്ചു.