You are here:

അഞ്ച് മാധ്യമകൃതികള്‍ പ്രകാശനം ചെയ്തു

കേരള പ്രസ് അക്കാദമി പ്രസിദ്ധീകരിച്ച അഞ്ച് മാധ്യമകൃതികള്‍ പ്രകാശനം ചെയ്തു.  അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ന്യൂദല്‍ഹി എഡിറ്റര്‍ ഉണ്ണി രാജന്‍ ശങ്കര്‍ പ്രസ് അക്കാദമി മുന്‍ ചെയര്‍മാനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ വി.പി.രാമചന്ദ്രന് പുസ്തകങ്ങള്‍ നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.  അക്കാദമി പ്രസിദ്ധീകരിച്ച അഞ്ച് ഇ-ബുക്കുകളുടെ പ്രകാശനം പ്രൊഫ.കെ.വി.തോമസ് എം.പി നിര്‍വഹിച്ചു.  
 
സോഷ്യല്‍ മീഡിയകളുടെ സ്വാധീനം വര്‍ദ്ധിക്കുന്ന ഇക്കാലത്ത് വായനക്കാരന് പുതുതായി എന്തു നല്‍കാം എന്നതാണ്  പത്രപ്രവര്‍ത്തകന്റെ വെല്ലുവിളിയെന്ന് പ്രകാശനം നിര്‍വഹിച്ച് ഉണ്ണി രാജന്‍ ശങ്കര്‍ പറഞ്ഞു.  പത്രങ്ങളില്‍ എങ്ങനെ വാര്‍ത്ത വരുത്തണമെന്ന് സോഷ്യല്‍ മീഡിയകള്‍ തീരുമാനിക്കുന്ന അവസ്ഥ വന്നിരിക്കുന്നു - അദ്ദേഹം പറഞ്ഞു.
 
ഭൗതിക സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കിലും മാറ്റങ്ങള്‍ക്കനുസരിച്ച് ഇലക്‌ട്രോണിക് മാധ്യമരംഗത്തും  മുന്നേറാന്‍ പ്രസ് അക്കാദമിക്ക് കഴിയുന്നത് സ്തുത്യര്‍ഹമായ നേട്ടമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രൊഫ.കെ.വി.തോമസ് എം.പി. പറഞ്ഞു.
  
വി.പി. രാമചന്ദ്രന്‍, ഡോ.ജെ.വി.വിളനിലം, കെ..എല്‍.മോഹനവര്‍മ്മ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.  പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍, ഐ&പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍.അജിത് കുമാര്‍ എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.  ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ സ്വാഗതവും സെക്രട്ടറി എന്‍.എസ്.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
 
ഡോ.ജെ.വി.വിളനിലത്തിന്റെ മാസ് കമ്മ്യൂണിക്കേഷന്‍ ബേസിക്‌സ് - എ റീഡര്‍ ഫോര്‍ സ്റ്റുഡന്‍സ് ആന്‍ഡ് പ്രാക്ടീഷ്യനേഴ്‌സ്,   കെ.എല്‍.മോഹനവര്‍മ്മയുടെ ഒരു നോവലിസ്റ്റിന്റെ മാധ്യമ ചിന്തകള്‍, ഡോ.എം.വി.തോമസിന്റെ മലയാളം ന്യൂസ് പേപ്പേഴ്‌സ് ആന്‍ഡ് ദ ഫ്രീഡം മൂവ്‌മെന്റ് ഇന്‍ കേരള,  എസ്.എന്‍.ജയപ്രകാശിന്റെ നാട്ടുവാര്‍ത്തയുടെ കാലങ്ങള്‍,   ബി.എസ്.ബിമിനിത്തിന്റെ നവമാധ്യമങ്ങളുടെ പുതിയ ആകാശങ്ങള്‍ എന്നിവയാണ് പ്രകാശനം നിര്‍വഹിക്കപ്പെട്ട പുസ്തകങ്ങള്‍.  
 
സി.പി.സത്യരാജിന്റെ സാമൂഹിക നവോത്ഥാനവും മാധ്യമങ്ങളും, പി.കെ.വേലായുധന്റെ ദളിത് ജീവിതം മാധ്യമങ്ങളില്‍, വി.വേണുഗോപാലിന്റെ കുട്ടിയും മാധ്യമങ്ങളും, കെ.വി.സുധാകരന്റെ മാധ്യമകാഴ്ചകളില്‍ മയങ്ങുന്നവര്‍,  എം.സുരേന്ദ്രന്റെ കേരള വികസനം : ഇടതുപക്ഷവും മാധ്യമങ്ങളും എന്നിവയാണ് പ്രകാശനം ചെയ്യപ്പെട്ട ഇ-ബുക്കുകള്‍.