കുറ്റവിചാരണ നടത്തുന്നതും ശിക്ഷ നടപ്പാക്കുന്നതും മാധ്യമങ്ങള്‍ : ഡോ. കെ.എസ്. രാധാകൃഷ്ണന്‍
കാക്കനാട്: കുറ്റവിചാരണയും ശിക്ഷ നടപ്പാക്കലും മാധ്യമങ്ങള്‍ തന്നെ നിര്‍വഹിക്കുന്നതിനാണ് ഇന്ന് സമൂഹം സാക്ഷ്യം വഹിക്കുന്നതെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള പ്രസ് അക്കാദമിയില്‍ ജേര്‍ണലിസത്തിലും പബ്ലിക്ക് റിലേഷന്‍സിലും പി.ജി ഡിപ്ലോമ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടെ അധികാരപ്രയോഗം അനിയന്ത്രിതമാകാതിരിക്കാനും ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പ്പിനും നിയന്ത്രണം അനിവാര്യമാണ്. മാധ്യമങ്ങളെ ആരാണ് നിയന്ത്രിക്കേണ്ടതെന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് ഉത്തരം നല്‍കേണ്ടത്. ആത്മവിമര്‍ശനത്തിനു പോലും സ്ഥലം അനുവദിക്കാത്ത മാധ്യമശൈലി ജനാധിപത്യ സംസ്‌കാരത്തിന് ചേരുന്നതല്ല. വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങള്‍ എടുക്കാത്ത നാണയങ്ങളായി മാറും. മാധ്യമങ്ങളെ വ്യവസായമായി ഇതില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ അംഗീകരിക്കുന്ന ഈ കാലഘട്ടത്തില്‍ നിയന്ത്രണം പാടില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഇതൊരു സേവനമേഖലയാണെന്ന് ആരെങ്കിലും കരുതുമെന്നും തോന്നുന്നില്ല. എന്തിനെയും സേവനം എന്ന് വിശേഷിപ്പിക്കുന്നത് പോലെ മാധ്യമങ്ങളും നടത്തുന്നത് സേവനമാണെന്ന് പറയാമെന്ന് ഡോ. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ചെക്ക് ലീഫ്, പെയ്ഡ് ന്യൂസ് മാധ്യമപ്രവര്‍ത്തനത്തിന്റെ കഥകള്‍ പുറത്തുവരുമ്പോള്‍ മാധ്യമങ്ങളുടെ അടിസ്ഥാന മൂലധനം വിശ്വാസ്യതയാണ് എന്ന ആദര്‍ശത്തിനാണ് കോട്ടം തട്ടിയിരിക്കുന്നത്. സംഭവങ്ങളുടെയും ആരോപണങ്ങളുടെയും നിജസ്ഥിതി ആരായാതെ ഒരു പക്ഷം മാത്രം അവതരിപ്പിക്കുന്നത് അടിസ്ഥാന മാധ്യമ പാഠങ്ങള്‍ക്ക് വിരുദ്ധമാണ്. പക്ഷെ ഏകപക്ഷീയമായ ഈ പ്രവര്‍ത്തനശൈലിയാണ് ഇന്ന് മാധ്യമരംഗത്ത് വ്യാപകമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ എം. ലീലാവതി, പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍, ജനറല്‍ കൗണ്‍സില്‍ അംഗം പി. സുജാതന്‍, സെക്രട്ടറി വി.ആര്‍. അജിത് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍.പി. സന്തോഷ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍, കെ. ഹേമലത എന്നിവര്‍ സംസാരിച്ചു. റാങ്ക് ജേതാക്കളായ എം.പി. സാജോണ്‍, ഏയ്ഞ്ചല്‍ ഷിജോയ്, എ. കിരണ്‍ പോള്‍, കെ.പി. ഷീന, ഓള്‍ റൗണ്ടര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ് എം.ബഷീര്‍, മുഹമ്മദ് ഇബ്രാഹിം അബ്ദുള്‍ സമദ് എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ സമ്മാനിച്ചു.