You are here:

കേരളത്തിലെ നഗരാസൂത്രണത്തിന് സൗന്ദര്യശാസ്ത്രത്തിന്റെ അടിത്തറയില്ല - ബോസ് കൃഷ്ണമാചാരി

കലാപരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളികള്‍ വിമുഖത കാണിക്കുകയാണെന്നും നമ്മുടെ നഗരങ്ങള്‍ അതിന്റെ തെളിവുകളാണെന്നും പ്രശസ്ത ചിത്രകാരനും കൊച്ചി ബിനാലെയുടെ അദ്ധ്യക്ഷനുമായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയിലെ പത്രപ്രവര്‍ത്തകര്‍ക്ക് സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കഴിയണം.  കൊച്ചിന്‍ ബിനാലെ അതിനുള്ള ശ്രമമാണ്. കലയും സാധാരണക്കാരനും തമ്മിലുള്ള അകലം വളരെയധികം കുറയ്ക്കാന്‍ ആദ്യ ബിനാലെക്കു കഴിഞ്ഞു - അദ്ദേഹം പറഞ്ഞു.  
നമ്മുടെ നഗരങ്ങളുടെ സൗന്ദര്യവല്‍ക്കരണത്തില്‍ പഞ്ചായത്ത് അംഗം മുതല്‍ മുഖ്യമന്ത്രിവരെ ശ്രദ്ധിക്കണം.  കേരളത്തിലെ ചിത്രകാരന്മാര്‍ക്ക് കേരളത്തിനു പുറത്ത്, അര്‍ഹമായ അവസരങ്ങള്‍ ലഭിക്കുന്നില്ല.  കൊച്ചിന്‍ ബിനാലെയിലൂടെ കേരളത്തിലെ കലാകാരന്മാരെ  ലോകത്തിനു മുന്‍പിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജു റാഫേല്‍ സ്വാഗതവും കെ.ഹേമലത നന്ദിയും പറഞ്ഞു.  വിദ്യാര്‍ത്ഥി പ്രതിനിധി നിമിഷാ ടോം സംസാരിച്ചു.  പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുര്യന്‍ പാമ്പാടി, ചിത്രകാരന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.