You are here:

ചൊവ്വര അവാര്‍ഡ് കേന്ദ്രമന്ത്രി മുല്ലപ്പള്ളി സമ്മാനിച്ചു

 

കോഴിക്കോട്: വാര്‍ത്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താതെ പത്രപ്രവര്‍ത്തകര്‍ ജനപക്ഷത്തുനില്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 
 
കേരള പ്രസ്സ് അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ രജി. ആര്‍. നായര്‍ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
 
സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനുമായ ചൊവ്വര പരമേശ്വരനെ ചടങ്ങില്‍ മന്ത്രി അനുസ്മരിച്ചു. ഇന്ന് പത്രപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ മാന്യമായ പദവി ലഭിക്കാന്‍ സഹായകമായ അവകാശസമരങ്ങള്‍ക്ക് ആദ്യകാലങ്ങളില്‍ നേതൃത്വംനല്‍കിയ വ്യക്തിയാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. 
 
ഇന്ത്യന്‍ ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഭരണകൂടത്തേക്കാളേറെ സംഭാവന നല്‍കിയത് മാധ്യമങ്ങളാണ്. മാധ്യമ സെന്‍സര്‍ഷിപ്പ് ജനാധിപത്യത്തില്‍ ഉചിതമല്ല. വാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കുംവേണ്ടി വാര്‍ത്തയുണ്ടാക്കുന്ന പതിവ് ഇന്നുണ്ട്. സെന്‍സേഷണലിസത്തിനു പിറകെ പോകുന്ന പത്രപ്രവര്‍ത്തകര്‍ പുനര്‍വിചിന്തനം നടത്തണം. പത്രപ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാരുടേയും കോര്‍പറേറ്റുകളുടേയും സഹായം കൈപ്പറ്റരുത്. അത് പിന്നീട് ചതിക്കുഴികളിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു.
 
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'അന്യജീവനുതകാന്‍ സ്വജീവന്‍' എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. കൊച്ചിയിലെ ചൊവ്വര പരമേശ്വരന്‍ സ്മാരകസമിതി പ്രസ്സ് അക്കാദമിയുമായി ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്. 
 
ചടങ്ങില്‍ കേരള പ്രസ്സ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. എം.കെ. രാഘവന്‍ എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, പ്രസ്സ്‌ക്ലബ് പ്രസിഡന്റ് എം. സുധീന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്സ് അക്കാദമി സെക്രട്ടറി വി.ജി. രേണുക സ്വാഗതവും അക്കാദമി എക്‌സി.കൗണ്‍സില്‍ അംഗം എന്‍.രാജേഷ് നന്ദിയും പറഞ്ഞു.