You are here:

പത്രപ്രവർത്തനം വനിതകൾക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലാണെന്ന് സൽമ

സ്ത്രീകളെ സംബന്ധിച്ചിടത്തോളം പത്രപ്രവർത്തനം സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലാണെന്ന് പ്രശസ്ത തമിഴ് സാഹിത്യകാരി സൽമ. ആവശ്യാനുസരണം പുറത്തിങ്ങാനും ലോകത്തെമ്പാടുമുള്ള വിവിധ വിഷയങ്ങൾ അറിയാനും ദിനവും പുതിയ ആളുകളോട് ഇടപഴകാനും കഴിയുന്നു മറ്റൊരുതൊഴിൽമേഖല ചൂണ്ടിക്കാട്ടാനാവില്ല. ഒപ്പം സമൂഹത്തിൽ ഒട്ടേറ മാറ്റങ്ങൾ കൊണ്ടുവരാനും കഴിയും. വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന കൗമാരകാലത്ത് ജേർണലിസ്റ്റാനാകാനായിരുന്നു ആഗ്രഹമെന്നും സൽമ പറഞ്ഞു. കേരള പ്രസ് അക്കാദമിയും നെറ്റ് വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ, കേരളവും സംയുക്തമായി സംഘടിപ്പിച്ച  'മാദ്ധ്യമമേഖലയിലെ വനിതകൾ' എന്ന ദ്വിദിന ദേശീയ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 
സ്ത്രീകൾ പുറത്തിറങ്ങാതിരുന്നാൽ പീഡനങ്ങളുണ്ടാകില്ല, സ്ത്രീകളുടെ വസ്ത്രധാരണമാണ് എല്ലാത്തിനും പ്രശ്നം എന്നൊക്കെ ചില മന്ത്രിമാർപോലും പറയുന്നു. ഇവർക്കാർക്കും പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെപ്പറ്റി വേണ്ടത്ര അറിവില്ല. നിലവിൽ സോപ്പുപൊടി മുതൽ ബൈക്കിന്റെ വരെ പരസ്യത്തിൽവരെ സ്ത്രീശരീരമാണുള്ളത്. അതിന്റെ അടിസ്ഥാനത്തിലാവണം സ്ത്രീയെന്നാാൽ വെറും ശരീരമാണെന്ന് ചിലർ തെറ്റിദ്ധരിക്കുന്നത്. എന്നാൽ അവൾക്ക് മറ്റാരെക്കാളും കാര്യപ്രാപ്തിയും ബുദ്ധിയും കഴിവുമുണ്ടെന്ന് ആരും തിരിച്ചറിയുന്നില്ല. മാദ്ധ്യമമേഖലയിലെ സ്ത്രീകൾ നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. തെഹൽക്ക സംഭവം ഉൾപ്പെടെ കഴിഞ്ഞവർഷം ഇത് സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. പുരുഷൻ ചിരിച്ചു സംസാരിച്ചാൽ സൗഹൃദം, സ്ത്രീകൾ ചിരിച്ചു സംസാരിച്ചാൽ ശരീരംപങ്കിടാനുള്ള ക്ഷണം, കാലമേറെ കഴിഞ്ഞിട്ടും സമൂഹത്തിന്റെ  വ്യാഖ്യാനം ഇങ്ങനെയാണെന്നും സൽമ പറഞ്ഞു. 
മാദ്ധ്യമമേഖലയിലെ ലിംഗ അസമത്വം എന്നവിഷയത്തിൽ ഗീതാ നസീർ. ആർ. പാർവതീദേവി, സരിതാ വർമ്മ, സി. ഗൗരിദാസൻ നായർ, എം.ജി. രാധാകൃഷ്ണൻ, വിനീതാഗോപി, തുടങ്ങിയവർ സംസാരിച്ചു. മാദ്ധ്യമമേഖലയിലെ പുരുഷാധിപത്യം പലപ്പോഴും വനിതകളെ ചൂഷണം ചെയ്യുന്നതായും നിലവിലെ പലമാദ്ധ്യമസ്ഥാപനങ്ങളിലും സ്ത്രീകൾക്കായി വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ, തൊഴിലിടങ്ങളിലെ പീഡനങ്ങൾക്കെതിരേ നിയമപ്രകാരമുള്ള അന്വേഷണ സമിതിയോ ഇല്ലെന്നും അഭിപ്രായം ഉയർന്നു. 
ധൈര്യവും കരുത്തും- വനിതാ മാദ്ധ്യമപ്രവർത്തകർക്ക് കൂടുതൽ വേണമോ?, ജീവിതവും തൊഴിലും-വിവിധമേഖലയിൽ കഴിവു തെളിയിച്ച സ്ത്രീകളുടെ അനുഭവങ്ങൾ എന്നീ വിഷയങ്ങളിൽ  പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, വി.എം. ദീപ, സിന്ധു സൂര്യകുമാർ, ശ്രീദേവി പിള്ള, കെ.എ. ബീന,  സി.എസ്. സുജാത, മായാവിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു.  
ഉദ്ഘാടനചടങ്ങിൽ കേരള പ്രസ് അക്കാദമി ചെയർമാൻ എൻ.ബി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ പുരസ്കാരങ്ങൾ നേടിയ വനിതാ മാദ്ധ്യമ പ്രവർത്തകരെ ചടങ്ങിൽ അനുമോദിച്ചു. 
വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ശിൽപ്പശാല ഇന്ന് സമാപിക്കും. രാവിലെ 10ന് 'മാദ്ധ്യമമേഖലയിലെ സ്ത്രീ- മിഥ്യയും യാഥാർത്ഥ്യവും' എന്ന വിഷയത്തിൽ ബീനാപോൾ,കെ .എ .ബീന , എ. സഹദേവൻ, എൻ.കെ. രവീന്ദ്രൻ, വീണാ ജോർജ്ജ്, കൃഷ്ണകുമാരി, വിധുവിൻസന്റ് എന്നിവർ സംസാരിക്കും.  ഉച്ചയ്ക്ക് രണ്ടിന് ദേശീയ തലത്തിൽ ചമേലി പുരസ്കാരം നേടിയ അന്തർദ്ദേശിയ വനിതാ മാദ്ധ്യമപ്രവർത്തകരുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ പുസ്തകം 'അനുഭവ സഞ്ചാരങ്ങൾ' പ്രശസ്ത മാദ്ധ്യമപ്രവർത്തക കൽപ്പനാശർമ്മ പ്രകാശനം ചെയ്യും. കേരള പ്രസ് അക്കാദമിയാണ് പ്രസാധകർ. തുടർന്ന് നെറ്റ് വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ, കേരളയുടെ മാദ്ധ്യമ പുരസ്കാരം കെ.അജിതയുടെ 'സംഘടിത' വനിതാ മാസികയ്ക്ക് നൽകും. 25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ, പ്രസ്ക്ളബ് പ്രസിഡന്റ് പി.പി. ജയിംസ്, കെ. അജിത, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സിബി കാട്ടാമ്പള്ളി എന്നിവർ പങ്കെടുക്കും.