പ്രസ് അക്കാദമിയുടെ ആധുനീകരണം അനിവാര്യം: മന്ത്രി കെ.സി. ജോസഫ്
ആലപ്പുഴ: കേരള പ്രസ് അക്കാദമി മാധ്യമമേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അനുസൃതമായി ആധുനീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി അക്കാദമി ഭരണസമിതി നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാറിന്റെ പിന്തുണ ഉണ്ടാവുമെന്ന്ും പബ്ലിക് റിലേഷന്‍സ് വകുപ്പുമന്ത്രി കെ.സി.ജോസഫ് പ്രസ്താവിച്ചു.
കേരള പ്രസ്സ് അക്കാദമിയുടെ വിവരാവകാശ നിയമ ക്യാമ്പ് പ്രസ് ക്ലബ് ജോയ് വര്‍ഗീസ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജേണലിസം യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിമര്‍ശം ഇഷ്ടപ്പെടുന്ന സര്‍ക്കാറാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും വിമര്‍ശം സര്‍ക്കാറിനെ നേര്‍വഴിക്ക് നയിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
എമര്‍ജിങ് കേരളയുമായി ഉയര്‍ന്നുവന്ന എല്ലാ വിമര്‍ശങ്ങളും സര്‍ക്കാര്‍ കേട്ടു. ഇതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനും സര്‍ക്കാറിന് കഴിഞ്ഞു. എന്നാല്‍, വിമര്‍ശത്തിനുവേണ്ടി വിമര്‍ശം ഉന്നയിക്കുന്ന പ്രവണത അവസാനിപ്പിക്കണം.
എയര്‍ ഇന്ത്യ കേരളത്തോട് കടുത്ത അനീതിയാണ് കാണിക്കുന്നത്.എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴാണ് എയര്‍ ഇന്ത്യ വിമാനം റദ്ദുചെയ്ത വിവരം അറിയിക്കുന്നത്. വ്യക്തമായ കാരണം അവര്‍ അറിയിക്കുകയുമില്ല. ഇതവസാനിപ്പിക്കാന്‍ കേരളത്തിന്റെ വിമാനസര്‍വീസ് പദ്ധതിക്ക് വ്യാപകമായ പിന്തുണ ലഭിക്കുന്നുണ്ട്. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ എയര്‍ കേരളയുടെ ഓഹരിവില 10,000 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാനത്തെ ഒരു പ്രസ്സ്‌ക്ലബ്ബിന് വിനോദയാത്രയ്ക്ക് സൗകര്യമൊരുക്കുന്നത് വരും വര്‍ഷംമുതല്‍ മൂന്ന് പ്രസ്സ് ക്ലബ്ബുകള്‍ക്കാക്കുമെന്നും മന്ത്രി അറിയിച്ചു.
അക്കാദമി വികസനത്തിനുള്ള സമഗ്രപദ്ധതി - വിഷന്‍ 2025 - തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും ക്യാമ്പസ്സും കോഴ്‌സുകളും പരിശീലന പരിപാടികളും ശാസ്ത്രീയമായി പുന: സംഘടിപ്പിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസ്സ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ പറഞ്ഞു.
വിവരങ്ങള്‍ ലഭിക്കുന്നത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണമെന്ന് ഡോ. ടി.എം.തോമസ് ഐസക് എം.എല്‍.എ.പറഞ്ഞു. പ്രസ്സ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍, ആലപ്പുഴ പ്രസ്സ് ക്ലബ് പ്രസിഡന്റ് എസ്.ഡി. വേണുകുമാര്‍, അക്കാദമി സെക്രട്ടറി പി.ജി.രേണുക എന്നിവര്‍ പ്രസംഗിച്ചു. വിവരാവകാശ നിയമത്തെക്കുറിച്ച് അഡ്വ. ഡി.ബി.ബിനു, കൊച്ചി ഐ.എം.ജി.അസ്സോസിയേറ്റ് ഫെലോ പി.വി.ചന്ദ്രബോസ് എന്നിവര്‍ ക്ലാസ്സ് നയിച്ചു.