പ്രസ് അക്കാദമി : ഡിജിറ്റൈസേഷന് ഒന്നാംഘട്ടം പൂര്‍ത്തിയായി
പഴയ പത്രങ്ങളും പ്രസിദ്ധീകരണം നിലച്ച ആനുകാലികങ്ങളും ഡിജിറ്റല്‍ രൂപത്തിലാക്കി ഭാവി തലമുറയ്ക്ക് ലഭ്യമാക്കുന്നതിന് കേരള പ്രസ് അക്കാദമി ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി.
അക്കാദമി ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള 1980 മുതലുള്ള പത്രങ്ങളില്‍ ചരിത്രത്തിന്റെ ഭാഗമായ പ്രധാന സംഭവങ്ങള്‍ പ്രസിദ്ധീകരിച്ച ദിവസങ്ങളിലെ വിവിധ പത്രങ്ങളുടെ 31,000 പേജുകളാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയത്. അക്കാദമിക്ക് പുതുപ്പള്ളി രാഘവന് സംഭാവന നല്കിയ ആനുകാലിക ശേഖരങ്ങളുടേയും പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന കെ.പി.വിജയന് രചിച്ച പത്രങ്ങള്‍ വിചിത്രങ്ങള്‍ എന്ന പുസ്കതവുമാണ് ഡിജിറ്റലൈസേഷന് പൂര്‍ത്തിയായ മറ്റു പ്രസിദ്ധീകരണങ്ങള്‍. മാധ്യമപഠനം നടത്തുന്നവര്‍ക്ക് ഡിജിറ്റലൈസ് ചെയ്ത പ്രസിദ്ധീകരണങ്ങളുടെ റഫറന്‍സിന് അക്കാദമി ലൈബ്രറിയില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
അക്കാദമിയില്‍ സ്ഥാപിക്കുന്ന സെര്‍വറില്‍ നിന്നും ലീസ് ലൈനിലൂടെ ആദ്യഘട്ടത്തില്‍ വിവിധ മാധ്യമ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കും പിന്നീട് ഇന്റര്‍നെറ്റിലൂടെ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്ന വിധത്തിലുള്ള പദ്ധതിയാണ് പ്രസ് അക്കാദമി ആവിഷ്ക്കരിച്ചിട്ടുള്ളത്.
ഡിജിറ്റലൈസ് ചെയ്ത ഇമേജുകള്‍ പൊതുവിവരശേഖരത്തില് ഉള്‍പ്പെടുത്തുന്നതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രസ് അക്കാദമി ലൈബ്രറിയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു. പ്രസ് അക്കാദമി ചെയര്മാന് എന്‍.പി.രാജേന്ദ്രന്, വൈസ് ചെയര്മാന് കെ.സി.രാജഗോപാല്‍, നിര്‍വാഹക സമിതി അംഗം എന്‍.രാജേഷ്, തൃക്കാക്കര നഗരസഭാ ചെയര്മാന് പി.ഐ.മുഹമ്മദാലി, അക്കാദമി സെക്രട്ടറി വി.ആര്.അജിത് കുമാര്‍, ഡിജിറ്റൈസേഷള് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കെ.എസ്.ഐ.ഇ പ്രതിനിധി ശ്രീകുമാറും എസ്ബിഎല്‍ പ്രതിനിധികളും പങ്കെടുത്തു.