You are here:

ബ്രേക്കിംഗ് ന്യൂസിനായുള്ള മത്സരത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ ക്രൂശിക്കപ്പെടരുത്: മന്ത്രി കെ.സി.ജോസഫ്

ബ്രേക്കിംഗ് സ്റ്റോറിക്ക് വേണ്ടിയുള്ള മത്സരപ്പാച്ചിലില്‍ യാഥാര്‍ത്ഥ്യങ്ങള്‍ ക്രൂശിക്കപ്പെടരുതെന്ന്  ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് അഭിപ്രായപ്പെട്ടു.  മാധ്യമങ്ങള്‍ക്ക് പരിപൂര്‍ണ്ണ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഭാരതത്തില്‍ വാര്‍ത്തയുടെ വിശ്വാസ്യത ഉറപ്പുവരുത്തിക്കൊണ്ടു വേണം മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുപോകേണ്ടതെന്ന് മന്ത്രി പറഞ്ഞു.  ഇന്‍ഫര്‍മേഷന്‍ പബ്ല'ിക് റിലേഷന്‍സ് വകുപ്പും കേരള പ്രസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മാധ്യമദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  ചടങ്ങില്‍  അക്കാദമി വൈസ് ചെയര്‍മാന്‍  കെ.സി.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു 
 
ചാനലുകള്‍ ഉള്‍പ്പെടെയുള്ള  നവമാധ്യമങ്ങളില്‍ എഡിറ്ററുടെ പങ്ക് ദുര്‍ബലമായിരിക്കുന്നു.  സുതാര്യതയേക്കാള്‍ ഉത്തരവാദിത്വ ബോധമാണ് മാധ്യമങ്ങള്‍ക്ക് വേണ്ടതെന്ന് പൊതുകാര്യങ്ങളിലെ സുതാര്യതയും മാധ്യമങ്ങളുടെ പങ്കും എന്ന ചര്‍ച്ചയില്‍ വിഷയാവതരണം നടത്തിക്കൊണ്ട് സിഎന്‍എന്‍ ഐബിഎന്‍ മാനേജിംഗ് എഡിറ്റര്‍ ആര്‍.രാധാകൃഷ്ണന്‍ പറഞ്ഞു. സെര്‍ച്ച് എഞ്ചിനുകളെ ബൈബിളായി കണ്ടുകൊണ്ടാണ്   പല മാധ്യമങ്ങളും വാര്‍ത്തകള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നത്.  വാര്‍ത്തയുടെ പക്ഷവും പ്രതിപക്ഷവും തുലനം ചെയ്യപ്പെടുന്നില്ല.  വാര്‍ത്തയുടെ ഉള്ളടക്കം സംബന്ധിച്ച് വേണ്ടത്ര അന്വേഷണം നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
 
വിവാദങ്ങളുടെ പുറകെ പോയി വികസനം തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ പറഞ്ഞു.  കാര്യക്ഷമമായി ഭരണത്തിലിടെപ്പെട്ട് ക്രിയാത്മക വികസനത്തെ ത്വരിതപ്പെടുത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.  വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സുതാര്യതയാണ് മാധ്യമങ്ങള്‍ക്ക് ഉണ്ടാകേണ്ടത്.  
 
പൗരന്റെ അവകാശങ്ങള്‍  ഹനിക്കുന്ന രീതിയിലുള്ള മാധ്യമപ്രവര്‍ത്തനത്തിനു പകരം സദ്ഭരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ് വേണ്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് അഡ്വ.ശിവന്‍ മഠത്തില്‍ പറഞ്ഞു.  
 
കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് കമ്മ്യൂണിക്കേഷന്റെ സ്മാര്‍ട്ട് ക്ലാസ് റൂമും സ്റ്റുഡിയോയും  മന്ത്രി ഉദ്ഘാടനം ചെയ്തു.  മീഡിയ  മാധ്യമദിനപ്പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്തു.  മാധ്യമദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
              
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള പ്രസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മാധ്യമദിനാഘോഷം  മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.