ഭാഷയുടെ കാര്യത്തില്‍ സങ്കുചിതത്വം പാടില്ല: ഡോ. എം ലീലാവതി
മാധ്യമങ്ങള്‍ മനുഷ്യനെ ഭരിക്കുന്ന ഈ കാലഘട്ടത്തില്‍ റിപ്പോര്‍ട്ടര്‍ നിഷ്പക്ഷനായിരിക്കണം എന്ന് ഡോ.എം ലീലാവതി. അതിവൈകാരികതയാണ് ഇന്നത്തെ പല വാര്‍ത്തകളിലും മാധ്യമ ചര്‍ച്ചകളിലും കാണുന്നത്. ഭാഷയെ സംബന്ധിച്ച് സങ്കുചിതമായ ചിന്തകള്‍ പാടില്ല. എന്റെ ഭാഷ എന്ന ചിന്ത തെറ്റാണ്. സിം മീഡിയാ ഫെസ്റ്റിനോടനുബന്ധിച്ച് ഭാഷയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ടീച്ചര്‍.
ശാസ്ത്രിയവും യാന്ത്രികവുമായ ഘടകങ്ങളുടെ കടന്നുകയറ്റം ഭാഷയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വൈകാരികമായ ഘടകങ്ങള്‍ ഉച്ചാരണഭാഷയിലൂടെ മാത്രമേ ആവിഷ്‌കരിക്കാന്‍ സാധിക്കുകയുള്ളു. ആഗോള ഭാഷയായി യന്ത്രഭാഷ കടന്നുവന്നത് ആറായിരത്തോളം വരുന്ന മറ്റ് ഭാഷകളെ ബാധിക്കില്ലെന്ന് ടീച്ചര്‍ ചൂണ്ടിക്കാട്ടി. ഒരു ഭാഷയിലെങ്കിലും ആഴത്തില്‍ അറിവു വേണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭാഷാ പരിജ്ഞാനം അനിവാര്യമാണ്. ഉച്ചാരണ ഭാഷ ഒരുകാലത്തും ഇല്ലാതാകുകയോ അതിന്റെ പ്രാധാന്യം കുറയുകയോ ചെയ്യുന്നില്ല. വൈകാരികമായ ചിന്തകള്‍ ആവിഷ്‌കരിക്കാന്‍ യന്ത്രഭാഷയ്ക്ക് സാധിക്കില്ല. വൈചാരികവും വൈകാരികവുമായ അംശങ്ങള്‍ ഭാഷയ്ക്കുണ്ടെന്ന് ടീച്ചര്‍ പറഞ്ഞു. ഭാഷയ്ക്കും സാഹിത്യത്തിനും മേല്‍ ശാസ്ത്രപഠനത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന ചിന്താഗതി വളര്‍ന്നു വന്നിട്ടുണ്ട്. ഈ പ്രവണത മനുഷ്യന്റെ മാനസിക ഘടനയെ തെറ്റായി ബാധിക്കും. സാഹിത്യഭാഷയും പത്രഭാഷയും തമ്മിലുള്ള അന്തരം വളരെ കുറവാണ്. പത്രഭാഷ മിതവും സാരവത്തുമാകണം.