You are here:

മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദമായി മാറണം - കെ.ജയകുമാര്‍

    ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ ആശയും ആശങ്കയും അഭിലാഷങ്ങളും  പ്രതിഫലിപ്പിക്കുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് അംഗീകാരവും പ്രാധാന്യവും കൈവരുന്നതെന്നും  ജനങ്ങളുടെ ശബ്ദം സത്യസന്ധമായി കേള്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാധ്യമങ്ങളുടെ അധികാരസ്രോതസ്സ് നഷ്ടമാകുമെന്നും മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുമായ കെ.ജയകുമാര്‍ അഭിപ്രായപ്പെട്ടു.  

    കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ 2013-14 വര്‍ഷത്തെ കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു  അദ്ദേഹം.

    വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവാക്കുന്ന തുക ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എന്ന് ജനങ്ങളെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്.  വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു

    ചടങ്ങില്‍ കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

    മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി.നികേഷ്‌കുമാര്‍, പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

    അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രശസ്ത നിരൂപകയും പ്രസ് അക്കാദമി ഫാക്കല്‍റ്റി അംഗവുമായ ഡോ.എം.ലീലാവതിയെ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

    പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത് കുമാര്‍ സ്വാഗതവും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.