You are here:

മാധ്യമങ്ങള്‍ വിശ്വാസ്യത പുലര്‍ത്തണം - മുഖ്യമന്ത്രി

ഭരണകര്‍ത്താക്കളും പൊതുപ്രവര്‍ത്തകരും സഹിഷ്ണുത പ്രകടിപ്പിക്കണമെന്നും   ഇഷ്ടപ്പെട്ടത് മാത്രമേ കേള്‍ക്കാവൂ എന്ന് നിര്‍ബന്ധംപിടിക്കരുതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ വിശ്വസനീയത പുലര്‍ത്തണം. സ്വന്തമായ വീക്ഷണങ്ങളും അഭിപ്രായങ്ങളും വച്ചുപുലര്‍ത്തുമ്പോഴും പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വിശ്വാസ്യത പ്രതിഫലിപ്പിക്കാന്‍ കഴിയണം. യുവാക്കളെ വികസനപ്രക്രിയയിലേക്ക് നയിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് കാര്യമായ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തി.  2012-ലെ മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കേരള പ്രസ് അക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു  മുഖ്യമന്ത്രി.  അവാര്‍ഡിനര്‍ഹരായ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.  

മാധ്യമരംഗത്ത് വലിയ മാറ്റങ്ങള്‍ നടക്കുന്ന കാലഘടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓരോ മേഖലയിലും വ്യക്തമായ ഗ്രാഹ്യമുണ്ടാകണമെന്നും സാങ്കേതിക വിദ്യയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് മാധ്യമ പഠനരംഗത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക-ഗ്രാമവികസന-പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

ഗഹനമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുക്കേണ്ടതും പ്രസിദ്ധീകരിക്കേണ്ടതെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.

മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ സ്മാരകപുരസ്‌കാരം ദീപികയിലെ ചീഫ് റിപ്പോര്‍ട്ടര്‍ സര്‍ജി ആന്റണിയും മികച്ച അന്വേഷണാത്മക റിപ്പോട്ടിന്്  കേരളകൗമൂദിയിലെ വി.ജയകുമാറും മികച്ച പ്രാദേശിക ലേഖകനുള്ള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമിയി്‌ലെ പി.പി.ലിബീഷ് കുമാറും  മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ് മലയാള മനോരമയിലെ  ടി.അജീഷും   മികച്ച ന്യൂസ് ഫോേട്ടാഗ്രാഫര്‍ക്കുള്ള പ്രഥമ പ്രസ് അക്കാദമി പുരസ്‌കാരം  മംഗളത്തിലെ രജിത്ത് ബാലനും  മികച്ച ടിവി റിപ്പോര്‍ട്ടര്‍ക്കുള്ള പ്രഥമ പ്രസ് അക്കാദമി പുരസ്‌കാരം ഇന്ത്യാവിഷനിലെ  ഗ്രീന്‍ റിപ്പോര്‍ട്ട്' എന്ന പരിപാടിയുടെ  അവതാരക വി.എം.ദീപയും മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.  

ഡോ.ആന്റണി സി ഡേവിസ് എഴുതിയ വാര്‍ത്ത-കഥ-വ്യവഹാരം എന്ന പുസ്തകത്തിന്റെ പ്രകാശനം അക്കാദമി മുന്‍ ചെയര്‍മാനും സ്വദേശാഭിമാനി കേസരി പുരസ്‌കാര ജേതാവുമായ വി.പി.രാമചന്ദ്രന് ആദ്യപ്രതി നല്‍കിക്കൊണ്ട് മുഖ്യമന്ത്രി നിര്‍വഹിച്ചു.  തൃക്കാക്കര നഗരസഭാചെയര്‍മാന്‍ പി.ഐ.മുഹമ്മദാലി, ജില്ലാ കളക്ടര്‍ ഷേയ്ക് പരീത്, അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ ചടങ്ങിന് സ്വാഗതവും  അക്കാദമി സെക്രട്ടറി വി.ആര്‍. അജിത് കുമാര്‍ നന്ദിയും പറഞ്ഞു. മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമടക്കം നിരവധിപേര്‍ സംബന്ധിച്ചു.

Watch Videos