മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ആലോചിക്കണം - മന്ത്രി കെ. സി. ജോസഫ്
കാക്കനാട്: അച്ചടി-ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ആവശ്യമാണെന്ന് സാംസ്‌കാരികമന്ത്രി കെ. സി. ജോസഫ് അഭിപ്രായപ്പെട്ടു. കേരള പ്രസ് അക്കാദമിയില്‍ മലയാള പത്രാധിപ പ്രതിഭകളുടെ ഛായാചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം കൂടിയതോടെ മാധ്യമങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലാതായി. റേറ്റിങ്ങ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ വ്യക്തികളുടെ സ്വകാര്യത പോലും വാര്‍ത്തയാക്കുകയാണ്. ജനാധിപത്യസമൂഹത്തില്‍ എല്ലാത്തിനും പരിധിയുണ്ടെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണം. ബ്രേക്കിങ്ങ് ന്യൂസിനു വേണ്ടിയുള്ള പരക്കം പാച്ചിലില്‍ സത്യം മറന്നുപോകുകയാണ്. മാധ്യമങ്ങളുടെ ഈ പോക്ക് ചര്‍ച്ച ചെയ്യപ്പെടണം. എന്നാല്‍ മധ്യമങ്ങള്‍ക്ക് ലക്ഷ്മണരേഖ വരക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിന്റെ സമഗ്രമായ ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രസ് അക്കാദമി കോഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാള മനോരമ പത്രാധിപന്മാരായിരുന്ന കെ. സി. മാമ്മന്‍ മാപ്പിള, കെ. എം. മാത്യു, കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ. സുകുമാരന്‍, കാമ്പിശ്ശേരി കരുണാകരന്‍ (ജനയുഗം), സി. എച്ച്. മുഹമ്മദ് കോയ (ചന്ദ്രിക), വി. കരുണാകരന്‍ നമ്പ്യാര്‍ (എക്‌സ്പ്രസ്) എന്നിവരുടെ ചിത്രങ്ങള്‍ മന്ത്രി അനാച്ഛാദനം ചെയ്തു.
പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍. പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. എം. റോയ്, ബെന്നി ബഹനാന്‍ എം. എല്‍. എ., മുന്‍മന്ത്രി ബിനോയ് വിശ്വം, പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എസ്. ആര്‍. ശക്തിധരന്‍, സെക്രട്ടറി വി. ജി. രേണുക, വൈസ് ചെയര്‍മാന്‍ കെ. സി. രാജഗോപാല്‍, അസി. സെക്ര'റി സി. അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.