You are here:

മാധ്യമപ്രവര്‍ത്തകര്‍ കേട്ടെഴുത്തുകാരാകരുത്

കോര്‍പ്പറേറ്റുകളുടെ കേട്ടെഴുത്തുകാരായി മാധ്യമപ്രവര്‍ത്തകര്‍ മാറരുതെന്ന് പ്രശസ്ത പത്രമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് പറഞ്ഞു. കേരള പ്രസ് അക്കാദമിയില്‍ എന്‍.എന്‍.സത്യവ്രതന്‍ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോക മാധ്യമങ്ങള്‍ പലതും വന്‍കിട മുതലാളിമാരുടെ കൈപ്പിടിയിലാകുന്ന ഇക്കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ ഗ്രാമീണ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്.  പെയ്ഡ് ന്യൂസുകളുടെ കാലത്ത് ഭൂരിപക്ഷവാര്‍ത്തകളും മുതലാളിമാര്‍ക്ക് വേണ്ടിയുള്ളതാണ്.  ഇതിനിടയില്‍ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കുറച്ചു വാര്‍ത്തകളെങ്കിലും തങ്ങളുടേതായി ഉണ്ടാകാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം.  പുതുതലമുറ മാധ്യമങ്ങളില്‍ കോര്‍പ്പറേറ്റ് റിലേഷനുകള്‍ക്ക് പ്രത്യേക ലേഖകരുണ്ടെങ്കിലും പട്ടിണി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരാള്‍ പോലുമില്ല.  സ്ഥാപനങ്ങള്‍ക്ക് താത്പര്യമില്ലാത്ത മേഖലകളിലെ പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടില്ലെന്ന അവസ്ഥയാണ്.  ഇതിനിടയില്‍ നിന്ന് ഓരോ മാധ്യമ വിദ്യാര്‍ത്ഥികളും സ്വന്തം ഹൃദയത്തിന്റെ ശബ്ദം കേള്‍ക്കണം.  സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ കഴിയുകയെന്നതാണ് പ്രധാനം എന്ന് സായ്‌നാഥ് പറഞ്ഞു.

പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ എന്‍.എന്‍.സത്യവ്രതന്റെ സംഭാവനകള്‍ വിസ്മരിക്കാനാവില്ലെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. രാജന്‍ പറഞ്ഞു.
അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  അക്കാദമി സെക്രട്ടറി വി.ആര്‍.അജിത് കുമാര്‍ സ്വാഗതവും അസി.സെക്രട്ടറി എന്‍.പി.സന്തോഷ് നന്ദിയും പറഞ്ഞു.