You are here:

മാധ്യമമേഖല കോര്‍പ്പറേറ്റ് ആധിപത്യത്തിന് വിധേയമാകുന്നു : വി.എം.സുധീരന്‍

മാധ്യമമേഖല കോര്‍പ്പറേറ്റ് ആധിപത്യത്തിന് വിധേയമാകുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ഈ സ്വാധീനത്തിനുമുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ നിസ്സഹായരായി മാറിയിരിക്കുന്നു.  കേരള പ്രസ് അക്കാദമി പ്രസിദ്ധീകരിച്ച, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.സുജാതന്റെ 'ചരിത്രസാക്ഷികള്‍' (മാധ്യമ നഭസ്സില്‍ മുന്‍പെ പറന്നവര്‍) എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിവര്‍ത്തനത്തിനുള്ള പടവാളായി തൂലിക ചലിപ്പിച്ച പ്രതിഭകളുടെ പത്രപ്രവര്‍ത്തനാ നുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം.  സമൂഹത്തിന്റെ സുശക്തരായ കണ്ണികളായിരുന്നു ഇവര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ചരിത്രത്തിലൂടെയുള്ള പുനര്‍വായനയാണ് ഈ പുസ്തകമെന്ന്, ആദ്യപ്രതി ഏറ്റുവാങ്ങി ഡോ:എം.ലീലാവതി പറഞ്ഞു.  കവിത്വത്തിന്റേയും പാണ്ഡിത്യത്തിന്റേയും മഹാസാന്നിധ്യമായിരുന്ന എന്‍.വി.കൃഷ്ണവാര്യരെ കൂടി ഈ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. കൈവെള്ളയിലേക്ക് വായന ചുരുങ്ങുകയാണെന്ന് 'മാറുന്ന മാധ്യമലോകം' എന്ന വിഷയത്തെ അധീകരിച്ച് മുഖ്യപ്രഭാഷണം നടത്തിയ സി.ഗൗരീദാസന്‍ നായര്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ന്യായങ്ങള്‍ക്ക് തന്നെ മാറ്റം വന്നിരിക്കുന്നു.  സാമൂഹ്യാര്‍പ്പണമെന്ന നിലയ്ക്കാണ് മാധ്യമങ്ങള്‍ നിലനിന്നിരുന്നത്.  ഉദാരമായ ജനാധിപത്യ വ്യവസ്ഥയെ നിലനിര്‍ത്തുന്ന തൂണായി നില്‍ക്കെത്തന്നെ ലാഭേച്ഛയുണ്ടായിരുന്നെങ്കിലും സാമൂഹിക ഇടപെടലിനുള്ള ഉപകരണം തന്നെയായിരുന്നു മാധ്യമങ്ങള്‍.  എന്നാല്‍ ആ സാമൂഹ്യ ഉത്തരവാദിത്വം ഇന്നില്ല.

അക്കാദമി മുന്‍ ഡയറക്ടര്‍ എന്‍.എന്‍.സത്യവ്രതനെ അനുസ്മരിച്ച് മറുപടി പ്രസംഗം നടത്തിയ പി.സുജാതന്‍, അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് ഈ പുസ്തകത്തിന് പിന്നിലെ പ്രേരണയെന്ന് പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍.അജിത്കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. ബെന്നി ബെഹനാന്‍ എം.എല്‍.എ. ആശംസയര്‍പ്പിച്ചു.  പ്രസ് അക്കാദമി സെക്രട്ടറി എന്‍.എസ്.അനില്‍കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എന്‍.പി.സന്തോഷ് നന്ദിയും പറഞ്ഞു.