വര്‍ണ്ണം വിതറി ആഘോഷരാവ്
നിറസദസ്സിന്റെ സാന്നിദ്ധ്യത്തില്‍ ദ്രുതചലനങ്ങള്‍ തീര്‍ത്ത സിംഫെസ്റ്റ് കലാസന്ധ്യ വിദ്യാര്‍ത്ഥികള്‍ക്ക് ഹരമായി. വൈകുന്നേരം 7.30ന് പ്രസ് അക്കാദമി അങ്കണത്തില്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഗണപതി വന്ദനത്തില്‍ തുടങ്ങി ബാഗ്ദാദ് കവിതയും പിന്നിട്ട് ഡപ്പാംകൂത്തില്‍ അവസാനിക്കുകയായിരുന്നു അക്കാദമി ക്യാംപസിലെ തുറന്ന വേദി. പ്രസ് അക്കാദമി വിദ്ധ്യാര്‍ത്ഥികളായ വിദ്യാ വിജയന്‍, ഐശ്വര്യ ടോം, അമൃത അശോക്, നിതിഷ സി., അനില അപ്പുക്കുട്ടന്‍ എന്നിവര്‍ രംഗപൂജ അവതരിപ്പിച്ചു. സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ അശ്വിന്‍ കെ വിയുടെ 'വെണ്ണിലാവിന്‍..' എന്ന ഗാനവും, മലയാളം സര്‍വ്വകലാശാല വിദ്യര്‍ത്ഥി അലി റ്റി.കെ ചൊല്ലിയ 'ബാഗ്ദാദ് 'കവിതയും, കാലിക്കറ്റ് പ്രസ് ക്ലബിലെ അശ്വനി ബാബുവിന്റെ' 'നാഥാ നീ വരും...' എന്നിവ രാവിന് മാറ്റുകൂട്ടി.
എം.ജി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സുദര്‍ശന്‍ പി.സജീവിന്റെ 'കൊച്ചിക്കാരത്തി കൊച്ചുപെണ്ണേ...' ,അക്കാദമിയുടെ റിമ ഭുവനചന്ദ്രന്റെ 'കാട്ടുമുല്ലക്കരയിലെ പെണ്ണേ...' എന്നീ നാടന്‍ പാട്ടുകള്‍ സദസ്സിനെ ഇളക്കി മറിച്ചു. സത്യന്‍, ബഹദൂര്‍, വെളളാപ്പളളി നടേശന്‍ തുടങ്ങിയ അനുകരണങ്ങളുമായി മലയാളം സര്‍വ്വകലാശാലയുടെ താരം നിതിന്‍ രാജ് ഏവരുടേയും കയ്യടി നേടി. സ്വന്തമായി രചിച്ച് ഈണമിട്ട 'ഈ യാത്രതന്‍ നിമിഷവും....'എന്ന യുഗ്മ ഗാനവുമായി പ്രസ് അക്കാദമിയുടെ ലിജില്‍-അനില എന്നിവര്‍ വേദിയിലെത്തി. കെസ്സുപാട്ടിന്റെ താളവുമായി അക്കാദമിയുടെ ജെംഷിയയും ,തിരുവനന്തപുരം പ്രസ് ക്ലബ് റെനീഷ് കൃഷ്ണന്റെ മെലഡിയും യുവ ആസ്വാദകര്‍ ഏറ്റുവാങ്ങി. അപ്രതീക്ഷിതമായി പേരു വിളിച്ചതിന്റെ പരിഭ്രമത്തില്‍ വേദിയിലെത്തിയ ജിന്‍സും, തമിഴ് ഫാസ്റ്റുകളുമായി വന്ന നിതിന്‍ എം നായര്‍, വൈശാഖ് കെ അരവിന്ദ് എന്നിവരും ആടിത്തിമിര്‍ത്തു. അവതാരക വേഷത്തില്‍ എത്തിയത് അക്കാദമിയുടെ അബ്ദുള്‍ ബാസിത്ത് ആയിരുന്നു. 'വണ്‍സ്‌മോര്‍' ശബ്ദങ്ങളുമായി അണമുറിയാത്ത ആവേശത്തോടെയാണ് പരിപാടികള്‍ക്കു സമാപനമായത്.