വി.പി.ആര്‍ മാതൃക: വയലാര്‍ രവി
ദേശീയ രാഷ്ട്രീയത്തിന്റെ ഉള്‍ച്ചുഴികള്‍ വ്യക്തമായറിയുന്ന വി.പി.ആര്‍ വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതില്‍ കാണിച്ച മാതൃക ഇന്നത്തെ പത്രപ്രവര്‍ത്തകര്‍ പിന്തുടരേണ്ടതാണെന്ന് കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.
സ്‌കൂപ്പുകള്‍ക്കു പിന്നാലെ പായുന്ന പുതുതലമുറ വിപിആറിനെപ്പോലുള്ളവരുടെ രീതികള്‍ കണ്ടുപഠിക്കണം. പ്രസ് അക്കാദമി മുന്‍ ചെയര്‍മാനും മാതൃഭൂമി എഡിറ്ററുമായിരുന്ന വി.പി രാമചന്ദ്രന്റെ അനുഭവങ്ങള്‍ ആസ്പദമാക്കി കേരള പ്രസ് അക്കാദമി പ്രസിദ്ധീകരിച്ച ആദ്യ ഇംഗ്ലീഷ് പുസ്തകമായ ' വിപിആര്‍ റീവിസിറ്റഡ്, ദ ലൈഫ് ആന്‍ഡ് മെമ്മറീസ് ഓഫ് ആന്‍ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണലിസ്റ്റിന്റെ' പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പുസ്തകം ഏറ്റുവാങ്ങി.
ഡല്‍ഹി രാഷ്ട്രീയത്തിലെ പല സംഭവങ്ങള്‍ക്കും സാക്ഷിയായ വിപിആര്‍ പക്ഷെ ഏതു വാര്‍ത്തയാണ് പ്രസിദ്ധീകരിക്കേണ്ടവയെന്നും ഏതാണ് തിരസ്‌ക്കരിക്കേണ്ടതെന്നും വ്യക്തമായി അറിയുന്നയാളാണ്. അക്കാലത്ത് പാര്‍ലമെന്റിലെത്തുന്ന കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് രക്ഷാകര്‍ത്താവ് തന്നെയായിരുന്നു വി.പി.ആറെന്ന് വയലാര്‍ രവി പറഞ്ഞു.
പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പുസ്തക രചയിതാവ് അങ്കിത ചീരകത്തില്‍ പുസ്തക പരിചയം നടത്തി. പ്രമുഖ സാഹിത്യകാരന്‍ കെ.എല്‍.മോഹനവര്‍മ്മ, തോമസ് ജേക്കബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വി പി ആര്‍ മറുപടി പ്രസംഗവും നടത്തി. പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത് കുമാര്‍ സ്വാഗതവും അസി.സെക്രട്ടറി എന്‍.പി.സന്തോഷ് നന്ദിയും പറഞ്ഞു.