സിം - 2014-ന് തുടക്കം
കൊച്ചിയിലെ ആദ്യ മാധ്യമോത്സവം സിം-2014-ന് കേരള പ്രസ് അക്കാദമിയില്‍ തുടക്കമായി. ഗ്രാമവികസന വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു.
മാധ്യമരംഗത്തെ ആധുനിക പ്രവണതകള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ പ്രസ് അക്കാദമിക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. സെന്റര്‍ ഓഫ് എക്‌സലന്‍സ് പദവിയിലേക്ക് ചുവടുവയ്ക്കുന്ന അക്കാദമി ഈ രംഗത്തെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാനുള്ള വേദികൂടിയായി മാറണം. പരിമിതികളെ അതിജീവിച്ച് നൂതനരംഗത്തേക്കുള്ള കാല്‍വയ്പായി മാറാന്‍ ഈ ഫെസ്റ്റിന് ് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു.
ദൃശ്യമാധ്യമരംഗത്ത് മത്സരത്തിന്റെ കാലമാണ്. വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിക്കാന്‍പോലും സമയമില്ല. ഏറെ ഉത്തരവാദിത്വവും തൊഴില്‍ സാധ്യതയുമുള്ള മേഖലയായി ദൃശ്യമാധ്യമരംഗം മാറിക്കഴിഞ്ഞു. ഇതിനായി കൂടുതല്‍ ഉത്തരവാദിത്വബോധവും സാങ്കേതിക മികവുമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാന്‍ അക്കാദമിക്ക് കഴിയണം. ആധുനിക സങ്കേതങ്ങളോടുകൂടിയ മീഡിയസിറ്റി പോലുള്ള സംരംഭങ്ങളെകുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദ വീക്ക് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് സയ്യദ് നസാക്കത്ത്, അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത് കുമാര്‍ സ്വാഗതവും സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ജിപ്‌സണ്‍ ജോണ്‍ നന്ദിയും പറഞ്ഞു.