You are here:

Ramachandran N

എന്‍.രാമചന്ദ്രന്‍ 

ആറുപതിറ്റാണ്ടിലേറെക്കാലം പത്രപ്രവര്‍ത്തന- പൊതുപ്രവര്‍ത്തന പരിചയം ഉണ്ടായിരുന്ന എന്‍.രാമചന്ദ്രന്‍ അല്പം കാര്യമായും അല്പം കളിയായും അവകാശപ്പെടാറുള്ള ഒരു കാര്യമുണ്ടായിരുന്നു- എഴുതിയ മുഖപ്രസംഗങ്ങളുടെ എണ്ണം നോക്കിയാല്‍ ഗിന്നസ് ബുക്കില്‍ എന്റെ പേര് ചേര്‍ക്കേണ്ടതാണ് !

രാഷ്ട്രീയനിരീക്ഷണവും വ്യാഖ്യാനവുമാണ് രാമചന്ദ്രന് ഏറ്റവും ഇഷ്ടപ്പെട്ട പത്രപ്രവര്‍ത്തന മേഖല. യുവാവായിരിക്കെതന്നെ കെ.ബാലകൃഷ്ണന്റെ കൗമുദി വാരികയില്‍  'കഴിഞ്ഞയാഴ്ച' എന്ന കോളം ദീര്‍ഘകാലം എഴുതിയാണ് രാമചന്ദ്രന്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അക്കാലത്ത് കെ.ബാലകൃഷ്ണന്‍,പി.കെ.ബാലകൃഷ്ണന്‍, കെ.വിജയരാഘവന്‍, കെ.ആര്‍.ചുമ്മാര്‍ തുടങ്ങിയ രാഷ്ട്രീയ ഉല്‍പ്പതിഷ്ണുക്കളുടെ ഒരു കൂട്ടായ്മയില്‍ ഒരാളായിരുന്നു രാമചന്ദ്രന്‍. ആദ്യം കെ.എസ്.പി.യില്‍. 'കേരള സോഷ്യലിസം ' പോരാതെ വന്നപ്പോള്‍ അത് പിളര്‍ന്ന്  'വിപ്ലവ സോഷ്യലിസം' കൊണ്ടുവരാന്‍ ആര്‍.എസ്.പി.യില്‍. മുഖപ്രസംഗമെഴുത്ത് ആവട്ടെ, കോളമെഴുത്ത് ആവട്ടെ, രണ്ടും വിപ്ലവാശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വേദികള്‍ മാത്രം. 

അച്ഛനും അമ്മയും പത്രപ്രവര്‍ത്തകരായിരുന്ന പത്രപ്രവര്‍ത്തകന്‍ ഒരു പക്ഷേ രാമചന്ദ്രനേ കേരളത്തിലുണ്ടാവൂ.  അച്ഛന്‍ നാരായണന്‍ സി.വി.കുഞ്ഞുരാമന് വഴങ്ങി കൊല്ലത്ത് ഓയില്‍ മില്ലിലെ ജോലി കളഞ്ഞ് കേരള കൗമുദിയില്‍ ചേര്‍ന്നയാളാണ്. പിന്നെ ടി.കെ മാധവന്റെ ദേശാഭിമാനിയില്‍ സഹപത്രാധിപരായിരുന്നു. അമ്മ പി.ആര്‍.മന്ദാകിനി  സഹോദരി എന്ന പേരില്‍ കൊല്ലത്ത് മാസിക നടത്തിയ ആളും. കോളേജ് വിദ്യാഭ്യാസം പൂര്‍ണമാക്കാതെ കെ.എസ്.പി.യുമായി നടക്കുമ്പോള്‍ ആദ്യം ചേരുന്നത് നവഭാരതം പത്രത്തില്‍. പത്രപ്രവര്‍ത്തനവും തൊഴിലാളിപ്രവര്‍ത്തനവും സമരവും അറസ്റ്റ്ും ഒളിവുമെല്ലാം ഒപ്പംനടന്നു, നവഭാരതം പൂട്ടിയപ്പോള്‍ കേരള കൗമുദിയില്‍ ചേര്‍ന്നു-1952 ല്‍. ചേര്‍ന്ന് അധികനാള്‍ കഴിയുംമുമ്പ് മുഖപ്രസംഗമെഴുതാന്‍ നിയോഗിക്കപ്പെട്ടു. അക്കാലത്ത് തന്നെ കൗമുദി വാരികയില്‍ 'കഴിഞ്ഞാഴ്ച' കോളം എഴുതുുണ്ടായിരുന്നു. കൗമുദി പംക്തിക്ക് വേണ്ടി എഴുതിയ ലേഖനം കേരള കൗമുദി പത്രാധിപര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടപ്പോള്‍ പത്രത്തില്‍ മുഖപ്രസംഗമായ സംഭവവുമുണ്ടായിട്ടുണ്ട്. പില്‍ക്കാലത്തും ഏറെ എഡിറ്റോറിയലുകള്‍ രാഷ്ട്രീയരംഗത്ത് ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. കെ.ആര്‍.നാരായണനെ രാഷ്ട്രപതിയാക്കണമെന്ന് നിര്‍ദ്ദേശം ആദ്യം ഉയര്‍ന്നത് രാമചന്ദ്രന്‍ എഴുതിയ ഒരു മുഖപ്രസംഗത്തിലാണ്. രാഷ്ട്രപതി ആയ ശേഷം നാരായണന്‍ തന്നെ അത് നന്ദിപൂര്‍വം പരാമര്‍ശിച്ചിട്ടുണ്ട്. 

കൗമുദിയിലെ കോളത്തിനു പുറമേ എടത്തട്ട നാരായണന്റെ ലിങ്ക് മാസികയില്‍ 'കേരളാ ലെറ്റേഴ്‌സ്' എന്ന കോളം രാമചന്ദ്രന്‍ എഴുതിയിരുന്നു.  25 വര്‍ഷത്തിലേറെക്കാലം കേരളശബ്ദത്തില്‍ 'ചക്രവാളം' എന്ന കോളവും എഴുതി.
സപ്തമുന്നണി മന്ത്രിസഭയുടെ കാലത്ത് മന്ത്രി ടി.കെ.ദിവാകരന്റെ പ്രൈവറ്റ് സിക്രട്ടറിയായും 1975 മുതല്‍ ആറുവര്‍ഷക്കാലം പി.എസ്.സി.അംഗമായും പ്രവര്‍ത്തിച്ചതാണ് പത്രപ്രവര്‍ത്തനത്തില്‍നിന്ന്് മാറിനിന്ന ഇടവേളകള്‍. 
കൊല്ലത്ത് ആശ്രാമത്തെ വലിയവിളാകം വീട്ടില്‍ ജനിച്ച രാമചന്ദ്രന്‍ 86 ാം  വയസ്സില്‍  2014 ജുണ്‍ പത്തിന്  ആണ് അന്തരിച്ചത്.

Previous:
Next: