You are here:

Raman Theruvath

1919-ല്‍ ഏറനാട് താലൂക്കിലെ കൊങ്ങോട്ടിക്കടുത്ത നെടിയിരിപ്പില്‍ ജനിച്ച തെരുവത്ത് രാമന്‍ കോഴിക്കോട് കേന്ദ്രമാക്കി നടത്തിയ പത്രപ്രവര്‍ത്തനം വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു.
നീലഗിരി, ദേവര്‍ഷോല സ്‌കൂളുകളിലും മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിലും വിദ്യാഭ്യാസം ചെയ്ത തെരുവത്ത് രാമന്‍ 1938-ല്‍ 19-ാമത്തെ വയസ്സില്‍ സാഹിത്യകാഹളത്തിന്റെ പത്രാധിപരായിട്ടാണ് പത്രപ്രവര്‍ത്തനരംഗത്ത് വരുന്നത്.  കാഹളം വാരികയായപ്പോള്‍ പ്രസ് കണ്ടുകെട്ടി.  1946-ല്‍ ഭാരതി സാഹിത്യവാരികയുമായാണ് വീണ്ടും രംഗത്തെത്തിയത്..  മാപ്പിളറവ്യൂ, യുവകേസരി, യുവകാഹളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി കവിതകളും എഴുതാറുണ്ടായിരുന്നു.
1957-ല്‍ പ്രദീപം സായാഹ്ന ദിനപത്രം തെരുവത്ത് രാമന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ട് നിന്ന് ആരംഭിച്ചതോടെ അംഗീകാരവും പ്രശസ്തിയും കൈവന്നു.  ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി ഫോര്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്, ചെറുകിട പത്രത്തിന്റെ അഖിലേന്ത്യാ കമ്മിറ്റി  തുടങ്ങി ഒട്ടനവധി കമ്മിറ്റികളുടെ ഭാരവാഹിത്വം ഈ ബഹുമുഖപ്രതിഭയെ കര്‍മ്മരംഗത്ത് വിശ്രമരഹിതനാക്കി.
 
വിദേശരാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ പത്രനടത്തിപ്പിനെക്കുറിച്ച് പഠിക്കാനും പുതിയ യന്ത്രങ്ങള്‍ കണ്ടെത്താനും  ആധുനികരീതിയും ശൈലിയും മനസ്സിലാക്കാനും പ്രയോജനപ്പെടുത്തി.  പത്രഉടമയും പത്രനടത്തിപ്പുകാരനുമായിരുന്ന രാമേട്ടനുളള പ്രത്യേകത പത്രപ്രവര്‍ത്തകരെയും ജീവനക്കാരേയും അതിന്റെ നടത്തിപ്പുകാരെന്ന നിലയില്‍ കണ്ടുവെന്നതാണ്.  പൊതുരംഗത്ത് നിറഞ്ഞുനിന്ന ഈ പത്രാധിപര്‍ നാടിന്റെ നാനാവിധത്തിലുള്ള പുരോഗമന പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായി.  ഒട്ടനേകം പുരസ്‌കാരങ്ങള്‍ക്ക് രാമേട്ടന്‍ അര്‍ഹനായിട്ടുണ്ട്.  
ഗസ്റ്റ് എഡിറ്റോറിയല്‍  എന്ന ആശയം ആദ്യമായി പത്രപ്രവര്‍ത്തനരംഗത്ത് നടപ്പാക്കിയത് രാമേട്ടനാണ്. ഒരിക്കല്‍ കെ.കേളപ്പന്‍ റാഗിങ്ങിനെതിരെ എഴുതിയ ലേഖനം മുഖപത്രങ്ങളും സര്‍വ്വോദയം മാസികപോലും തിരസ്‌ക്കരിച്ചപ്പോള്‍ അത് വെളിച്ചം കണ്ടത് രാമേട്ടന്റെ പ്രദീപത്തിലെ എഡിറ്റോറിയല്‍ കോളത്തിലാണ്.  അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പടവാളായി തന്റെ പത്രത്തെ പരിവര്‍ത്തിപ്പിക്കാന്‍ രാമേട്ടന് കഴിഞ്ഞു.  പത്രം ജനശ്രദ്ധയാകര്‍ഷിച്ചതിന് പിന്നിലെ പത്രാധിപരുടെ തന്റേടം പ്രകീര്‍ത്തിക്കപ്പെട്ടു.  കോഴിക്കോട് ഗവമെന്റ് ആട്‌സ് ആന്റ് സയന്‍സ് കോളേജ്, ലോകോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവിര്‍ഭാവത്തിന് രാമേട്ടന്‍ നല്ല പങ്ക് വഹിച്ചു.  അയല്‍പക്കവേദികള്‍ക്ക് വിത്തിടുകയും സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്ത രാമേട്ടന്‍ കോഴിക്കേട്ടെ പൗരജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.  കേരളത്തിലെ പത്രത്തറവാട്ടിലെ കാരണവരായി തന്നെ മരിക്കുംവരെ  അറിയപ്പെട്ടു.  2009-ലായിരുന്നു രാമേട്ടന്റെ മരണം.