You are here:

SIM2014 കൊടിയിറങ്ങി

കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മൂന്നുദിവസങ്ങളായി നടന്ന മാധ്യമോത്സവം സിം 2014 കൊടിയിറങ്ങി.  സമാപന സമ്മേളനം എക്‌സൈസ് തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു.  ബ്രേക്കിംഗ് ന്യൂസുകളുടെ കാലത്ത് പരിമിതികള്‍ക്കുള്ളില്‍ നിന്ന് സത്യസന്ധത പുലര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.   കാലത്തിന്റെ മാറ്റത്തിനനുസരിച്ച്  ആധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണം.  ചടങ്ങില്‍ ബെന്നി ബഹന്നാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രസ് അക്കാദമിയുടെ കമ്പ്യൂട്ടര്‍ ലാബ് നവീകരിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന്  തുക അനുവദിക്കുമെന്ന്  എം.എല്‍എ അറിയിച്ചു.. പ്രസ് അക്കാദമി അസി.സെക്രട്ടറി എന്‍.പി.സന്തോഷ് സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി ബിനോയ് എം. നന്ദിയും പറഞ്ഞു.  മാധ്യമോത്സവത്തോടനുബനധിച്ച് വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കേരളത്തിലെ വിവിധ മാധ്യമ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ഇരുന്നോറോളം വിദ്യാര്‍ത്ഥികള്‍ മാധ്യമോത്സവത്തില്‍ പങ്കെടുത്തു.  വിവിധ വിഷയങ്ങളില്‍ നടന്ന സെമിനാറുകളില്‍ സയ്യദ് നസാക്കത്ത്, ജെ.ഗോപീകൃഷ്്ണന്‍, ഡോ.എം.ലീലാവതി, എം.ജി.രാധാകൃഷ്ണന്‍, സി.ഗൗരീദാസന്‍ നായര്‍, എം.പി.ബഷീര്‍, ഡോ.എ.ജയതിലക്, സിനിമ സംവിധായകന്‍ ജിത്തു ജോസഫ് എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി ആശയങ്ങള്‍ പങ്കുവച്ചു.