You are here:

Thayatt Sankaran

തായാട്ട് ശങ്കരന്‍

അദ്ധ്യാപനമാണ് ജീവിതവൃത്തി എങ്കിലും തായാട്ട് ശങ്കരന്‍ സാഹിത്യനിരൂപകനും രാഷ്ട്രീയചിന്തകനും ശ്രദ്ധിക്കപ്പെട്ട പത്രപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളെ എന്നും മഥിച്ചത് രാഷ്ട്രീയമായിരുന്നു. പത്രപ്രവര്‍ത്തനം അതിന്റെ പ്രകടിതരൂപമായിരുന്നു. തായാട്ട് എന്ന സാഹിത്യനിരൂപകന്‍ പോലും രാഷ്ട്രീയത്തില്‍ നിന്ന് ഒട്ടും അകലെയായിരുന്നില്ല.

1982-85 കാലത്ത് തായാട്ട് ദേശാഭിമാനി പത്രാധിപരായിരുന്നു. അതിന് കുറെ മുമ്പ്  അദ്ദേഹം കോഴിക്കോട്ടെ വിപ്ലവം പത്രത്തിന്റെ എഡിറ്ററായിരുന്നു. പത്രാധിപത്യം വഹിച്ച ഘട്ടങ്ങളിലൊന്നും അദ്ദേഹം സ്വന്തം നിലപാടുകള്‍ക്കുള്ള പ്രാമുഖ്യം മാധ്യമനടത്തിപ്പുകാര്‍ക്ക് പണയംവെക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പല പ്രസിദ്ധീകരണങ്ങളില്‍ മാറിമാറി എഴുതിപ്പോന്ന രാഷ്ട്രീയ കോളങ്ങളിലും അദ്ദേഹം കക്ഷി ആഭിമുഖ്യത്തിന് അപ്പുറമുള്ള വിശ്വാസപ്രമാണങ്ങളും യുക്തിപൂര്‍ണമായ നിലപാടുകളും  ഉയര്‍ത്തിപ്പിടിച്ചു. 1970 ഫിബ്രുവരി പതിനെന്നിന് നക്‌സലൈറ്റ് നേതാവ് വര്‍ഗീസിനെ പോലീസ് പിടികൂടി കൊലപ്പെടുത്തിയ സംഭവം ഏറ്റുമുട്ടലിലുണ്ടായ മരണമായി മുഖ്യധാരാ പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ആദ്യമായി അതിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖപ്രസംഗം എഴുതിയത് തായാട്ട് ശങ്കരന്‍ പത്രാധിപരായ വിപ്‌ളവം പത്രമായിരുന്നു. പത്രംഉടമയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. തായാട്ട് രാജി കൊടുത്ത് പുറത്തിറങ്ങി. ദേശാഭിമാനി പത്രാധിപരായിരുന്നപ്പോള്‍ സി.പി.എമ്മിന്റെ മുണിയിലെ ഘടകകക്ഷി ആയിരുന്ന കോണ്‍ഗ്രസ് എ.യുടെ നേതാവ് എ.കെ.ആന്റണിയെ രൂക്ഷമായി വിമര്‍ശിച്ച് വിവാദം ക്ഷണിച്ചുവരുത്താന്‍ തായാട്ട് മടിച്ചില്ല. സാഹിത്യത്തിലാകട്ടെ, രാഷ്ട്രീയത്തിലാകട്ടെ ആരുടെയും എതിര്‍പ്പ് വകവെക്കാതെ തന്റെ അഭിപ്രായങ്ങള്‍ ധീരമായി പ്രകടിപ്പിച്ചുപോന്നിട്ടുണ്ട് തായാട്ട്. ഒന്നിനോടും ' മാനസികമായ അടിമത്തം'  പുലര്‍ത്തിയില്ല. ബ്രിട്ടനില്‍ ജനാധിപത്യം ഉദയം കൊണ്ടതെങ്ങനെ എന്ന് വിവരിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യവും വളര്‍ച്ചയും എന്ന കൃതി ഇന്നും രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു പാഠപുസ്തകമായി നില നില്‍ക്കുന്നു. നാടകവും തര്‍ജ്ജമയും ബാലസാഹിത്യവും ജീവചരിത്രവും വിദ്യാഭ്യാസ ചിന്തകളുമായി 33 പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായിരുന്ന കാലത്തുതന്നെ അദ്ദേഹം രാഷ്ട്രീയലേഖനങ്ങള്‍ ആഴ്ച്ചക്കോളങ്ങളായി അവതരിപ്പിക്കാറുണ്ടായിരുന്നു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രസിദ്ധീകരണമായിരുന്ന പ്രവാഹത്തില്‍ 'വഴിപോക്കന്‍' എന്ന പേരിലാണ് എഴുതിയത്. ദേശാഭിമാനി വാരികയില്‍ പത്രാധിപത്യം വഹിച്ച കാലത്തുടനീളം ടിഎസ് എന്ന പേരില്‍ 'സ്വകാര്യചിന്തകള്‍' എഴുതി. അവ വാരികയുടെ മുഖക്കുറിപ്പുകളുമായിരുന്നു. അവയെല്ലാം അതേ പേരില്‍ സോഷ്യലിസ്റ്റ് ലിറ്ററേച്ചര്‍ എന്ന സ്ഥാപനം പുസ്തകമായി പ്രസിദ്ധപ്പെടുത്തിട്ടുണ്ട്. എന്റെ ആനുകാലിക ഡയറി, പാര്‍ശ്വവീക്ഷണം എന്നിവ പല കാലത്ത് എഴുതിയ പംക്തികളുടെ സമാഹാരങ്ങളാണ്. 

1924 ആഗസ്ത് ആറിന് തലശ്ശേരിക്കടുത്ത് പന്ന്യൂരില്‍ ജനിച്ച തായാട്ട് അധ്യാപകനായാണ് ഉപജീവനവൃത്തി തുടങ്ങിയത്. പത്ത് വര്‍ഷത്തോളം കോഴിക്കോട് ഗണപത് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിച്ചു. പിന്നെ, എം.എ നേടി കോളേജ് തലത്തിലേക്ക്  നീങ്ങി. തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും അധ്യാപകനായിരുന്നു. ആദ്യം മുതലേ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പക്ഷത്തോട് ആഭിമുഖ്യമുണ്ടായിരുന്ന അദ്ദേഹം കെ.കേളപ്പന്റെ ശിഷ്യനായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടികളില്‍ സജീവമായി പ്രവര്‍ത്തിച്ചുപോന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള മാധ്യമപ്രവര്‍ത്തനം ചെറുപ്പത്തിലേ തുടങ്ങിവെച്ചിരുന്നു. അവസാനഘട്ടത്തില്‍ അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. അപ്പോഴും അടിസ്ഥാനപ്രമാണമായി ഗാന്ധിയന്‍ ജീവിതമൂല്യങ്ങള്‍ സൂക്ഷിച്ചുപോന്നു. 
1983 മാര്‍ച്ച് 23 ന് മുംബൈ ടാറ്റ മെമ്മോറിയല്‍ ആസ്പത്രിയില്‍ അന്തരിച്ചു

Previous:
Next: