You are here:

Vakkom Adul Khader Maulavi

പരസ്പര പൂരകങ്ങളായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും.  കേരള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒരിക്കലും മാഞ്ഞുപോകാത്ത പേരുകള്‍.  നിര്‍ഭയനും സുധീരനുമായ പത്രാധിപര്‍ക്ക്  നിസ്തുലവും നിസ്വാര്‍ത്ഥവുമായ പിന്തുണ നല്‍കി തന്റെ ഭൗതികനേട്ടങ്ങളൊക്കെ നഷ്ടപ്പെടുത്തിയ പത്രമുടമയായിരുന്നു വക്കം മൗലവി.
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കില്‍ 1873-ലാണ് വക്കത്തിന്റെ ജനനം.  പിതാവ് അയിരൂര്‍ കായിപ്പുറത്ത് മുഹമ്മദ്കുഞ്ഞ്.  മാതാവ് ഹാഷുബി.  സമ്പന്നമായിരുന്നു കുടുംബപശ്ചാത്തലം.
മതവിദ്യാഭ്യാസത്തിനുശേഷം ഭാഷാപഠനത്തിലേക്ക്.  മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്‌കൃതം, തമിഴ്, പേര്‍ഷ്യന്‍ ഭാഷകള്‍ പഠിച്ചു.
ഉല്‍പതിഷ്ണുത്വവും മതേതരത്വവും പുരോഗമന രാഷ്ട്രീയ-സാമൂഹ്യ അന്തര്‍ധാരകളും അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി.  സാമൂഹ്യ നവോത്ഥാനത്തിന് ചിന്താപരമായ ഔന്നിത്യം അത്യന്താപേക്ഷിതമാണെന്ന് മൗലവി മനസ്സിലാക്കി.  അതിന് വായന വളരണം.  അതിനുള്ള ഉപാധിയായി അദ്ദേഹം കണ്ടത് പത്രങ്ങളെയാണ്.  അങ്ങിനെയാണ് 1905-ല്‍ അഞ്ചുതെങ്ങില്‍ നിന്ന് 'സ്വദേശാഭിമാനി'പത്രം ആരംഭിക്കുന്നത്.  1906-ല്‍ രാമകൃഷ്ണപിള്ള പത്രാധിപരായതോടെ ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെ ശക്തമായ പടവാളായി സ്വദേശാഭിമാനി മാറി.  ദിവാന്‍ ഭരണത്തിന്റെ അനിഷ്ടത്തെത്തുര്‍ന്ന് 1910-ല്‍ പത്രം നിരോധിക്കപ്പെടുകയും പത്രസ്ഥാപനം കണ്ടുകെട്ടുകയും ചെയ്തു.  രാമകൃഷ്ണപിള്ളയെ നാടുകടത്തി. എന്നാല്‍ തന്റെ പത്രാധിപര്‍ക്കുള്ള അചഞ്ചലമായ പിന്തുണ മൗലവി ഒരിക്കലും പിന്‍വലിച്ചില്ല.  
സ്വദേശാഭിമാനി പത്രത്തിന് തൊട്ടുപുറകെ തന്നെ 'മുസ്ലിം' എന്ന പേരില്‍         മാസികയും മൗലവി ആരംഭിച്ചിരുന്നു. സ്വസമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ  ശബ്ദമായിരുന്നു അത്.  എന്നാല്‍ കുറച്ചുകാലമേ അത്  പുറത്തിറങ്ങിയുള്ളു.  1918-ല്‍ അറബി മലയാളത്തില്‍ 'അല്‍ ഇസ്ലാം' എന്ന മറ്റൊരു മാസികയും പുറത്തിറക്കിയെങ്കിലും അതും അല്‍പായുസ്സായി.  തന്റെ ആയുസ്സ് മാത്രമല്ല സമ്പത്തും ചോര്‍ന്നുപോകുന്നുവെന്ന് മൗലവി തിരിച്ചറിഞ്ഞുവെങ്കിലും ആദര്‍ശപരമായ വിട്ടുവീഴ്ചകള്‍ക്ക് അദ്ദേഹം മുഖം കൊടുത്തില്ല. 
നബിമാര്‍, ഖുര്‍ആന്‍ വ്യാഖ്യാനം, ഇസ്ലാംമത സിദ്ധാന്തസംഗ്രഹം, ഇല്‍മുത്തജ്‌വീദ് ദൗ ഉസ്വബാഹ്, തഅ്‌ലീമുല്‍ ഖിറാഅ എന്നിവയാണ് മൗലവിയുടെ കൃതികള്‍.  വക്കത്ത് 1917ല്‍ ഇസ്‌ലാമിക പ്രസിദ്ധീകരണശാലയും ആരംഭിച്ചു.
മുസ്ലിം പിന്നോക്കാവസ്ഥക്കെതിരെ ഉണര്‍വിന്റെ സന്ദേശമായി മുസ്ലിം ഐക്യസംഘത്തിന് രൂപം നല്‍കി. ഗാന്ധിജിയുടെ ജീവിതം മൗലവിയെ സാരമായി സ്പര്‍ശിച്ചു.  ലളിതജീവിതവും ഉയര്‍ന്നചിന്തയും ജീവിതശൈലിയായി.  ശ്രീനാരായണഗുരു,  സഹോദരന്‍ അയ്യപ്പന്‍ എന്നിവരും അദ്ദേഹത്തിന് മാര്‍ഗ്ഗദര്‍ശികളായിരുന്നു.
തന്റെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തിരുന്നുവെങ്കില്‍ പത്രവും പ്രസ്സുമൊക്കെ അദ്ദേഹത്തിന് മടക്കിക്കിട്ടുമായിരുന്നു.  അങ്ങിനെ ഒരു നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ വക്കം മൗലവി ഉന്നയിച്ച ചോദ്യം 'എന്റെ പത്രാധിപരില്ലാതെ എനിക്കെന്തിനാണ് എന്റെ പത്രവും പ്രാസ്സും  എന്നായിരുന്നു. മാധ്യമരംഗത്ത് മറ്റൊരര്‍ത്ഥത്തില്‍ ഇന്നും ആ ചോദ്യം പ്രസക്തമായി അവശേഷിക്കുന്നു.
ആദര്‍ശധീരതയുടെ മായാത്ത മുദ്ര അവശേഷിപ്പിച്ച് 1932-ല്‍ വക്കം അബ്ദുല്‍ഖാദര്‍ മൗലവി വിടവാങ്ങി.

 

Photo: