You are here:

Babu NRS

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപമെടുത്ത പത്രപ്രവര്‍ത്തന ശൈലിയുടെ മലയാളത്തിലെ ശക്തരായ പ്രയോക്തക്കളില്‍ പ്രമുഖനാണ് എന്‍.ആര്‍.എസ്. ബാബു. അമേരിക്കയില്‍ വാട്ടര്‍ഗേറ്റ് വിവാദം ഉണ്ടായ അതേ കാലത്തു തന്നെ മലയാളത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ആരംഭംകുറിച്ച വനം കുംഭകോണത്തെപ്പറ്റിയുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച ആ വാര്‍ത്താപരമ്പര എന്‍.ആര്‍.എസ്. ബാബുവും എസ്. ജയചന്ദ്രന്‍ നായരും ചേര്‍ന്ന് തയ്യാറാക്കിയതായിരുന്നു. വനം കൊള്ളയും പരിസ്ഥിതി നാശവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കിയ 'കാട്ടുകള്ളന്മാര്‍' എന്ന ഗ്രന്ഥം ആ റിപ്പോര്‍ട്ടുകളുടെ അനന്തരഫലമാണ്. കൂടാതെ ആധുനിക മലയാള പത്രപ്രവര്‍ത്തനത്തില്‍ പുതിയ ഭാവുഗത്വം സൃഷ്ടിച്ച 'കലാകൗമുദി' വാരികയുടെ ഉത്ഭവവും അതോടൊപ്പം ഉണ്ടായി. ആ വാരികയുടെ സ്ഥാപക പത്രാധിപന്മാരില്‍ ഒരാളാണ് ബാബു. കേരള കൗമുദിയില്‍ പത്രാധിപസമിതി അംഗമായും തിരുവനന്തപുരം ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചിരുന്നു. കലാകൗമുദിയുടെ എഡിറ്റര്‍ സ്ഥാനത്തു നിന്ന് 2005 ല്‍ വിരമിച്ചശേഷം അഞ്ചുവര്‍ഷക്കാലം തിരുവനന്തപുരം പ്രസ് ക്ലബ്ബ് നടത്തുന്ന ശിവറാം സ്മാരക ജേര്‍ണലിസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ആയിരുന്നു. യുവ പത്രപ്രവര്‍ത്തകരുടെ പ്രിയപ്പെട്ട അധ്യാപകനും മാര്‍ഗ്ഗദര്‍ശിയുമായ എന്‍.ആര്‍.എസ്. ബാബു ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് രണ്ട് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'പ്രപഞ്ചത്തില്‍ നാം തനിച്ചാണോ' എന്ന ഡോക്ടര്‍ ഹമീദ് ഖാന്റെ ഗ്രന്ഥം പരിഭാഷപ്പെടുത്തി. വിദേശയാത്രാനുഭവങ്ങളെപ്പറ്റിയുള്ള 'ആകാശരേഖകള്‍' എന്ന കൃതിയും ശ്രദ്ധേയമാണ്.

തിരുവനന്തപുരത്തെ പട്ടം വൃന്ദാവനില്‍ താമസം. ഉമയാണ് ഭാര്യ. ശങ്കരനാരായണന്‍ (യു.എസ്), ചിത്ര എന്നിവര്‍ മക്കള്‍. റിച്ച് മോഹന്‍ ജാമാതാവ്. സംസ്ഥാനത്തെ ആദ്യത്തെ മള്‍ട്ടി മീഡിയ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ഒന്നായ 'ഇന്‍വിസി'ന്റെ സ്ഥാപക ചെയര്‍മാനാണ് 71 വയസുള്ള എന്‍.ആര്‍.എസ്. ബാബു.