You are here:

Balakrishnan K

ആര്‍.എസ്.പി.യുടെ  സ്ഥാപകനേതാവും പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഉജ്ജ്വല പ്രഭാഷകനും ആയിരുന്നു കെ.ബാലകൃഷ്ണന്‍.   കൗമുദി വാരികയിലെ കേരളത്തിലെ സാംസ്‌കാരിക  സംഭവമാക്കി മാറ്റിയ അദ്ദദേഹം വ്യക്തിനിഷ്മായ പത്രപ്രവര്‍ത്തന ശൈലിയുടെ മായാത്ത മാതൃകയാണ്.  
 
1954-ല്‍ തിരുകൊച്ചി നിയമസഭയില്‍ അംഗമായി തിരഞ്ഞടുക്കപ്പെട്ട  ബാലകൃഷ്ണന്‍ സിനിമ, സാഹിത്യം കല, രാഷ്ട്രീയം എന്നീ വിഷയങ്ങളിലെല്ലാം അസാധാരണമായ ഉള്‍ക്കാഴ്ച പ്രദര്‍ശിപ്പിച്ചു. കൗമുദി വാരികയിലെ പ്രത്രാധിപകുറിപ്പിുകള്‍  അനന്യമായ ചാരുതയില്‍ എല്ലാത്തരം വായനക്കാരെയും ആകര്‍ഷിച്ചിരുന്നു.  കേരളകൗമുദിയില്‍ രാഷ്ട്രീയ ലേഖകനെന്ന നിലയില്‍ മലയാള പത്രപ്രവര്‍ത്തനത്തിലെ അസാധാരണ സ്‌കൂപ്പുകള്‍ പലതും സൃഷ്ടിച്ചത് കെ.ബാലകൃഷ്ണനായിരുന്നു.  സംസ്ഥാന ബജറ്റ് സഭയില്‍ അവതരിക്കും മുമ്പ് അപ്പടി ചോര്‍ത്തിയ സംഭവം വിവാദമാകുകയും ചെയ്തു.  കെ.ബാലകൃഷ്ണന്റെ ചോദ്യോത്തരപംക്തി പ്രപഞ്ചത്തിനു കീഴിലുള്ള എല്ലാ വിഷയങ്ങളെയും പറ്റി വായനക്കാരുമായി  ചര്‍ച്ച ചെയ്തു.  കൗമുദി വാരിക നിന്നുപോയിട്ടും ആ പംക്തി  മറ്റ് വാരികകളില്‍ അദ്ദേഹം തുടര്‍ന്നത് അതിന്റെ സ്വീകാര്യതകൊണ്ടായിരുന്നു.  
 
തിരുകൊച്ചി മുഖ്യമന്ത്രിയും സ്വതന്ത്ര്യ സമര പോരാളിയുമായിരുന്ന സി.കോശവന്റെ മകനും കേരളകൗമുദിയുടെ എഴുത്തുകാരനുമായ സി.വി.കുഞ്ഞുരാമന്റെ ചെറുമകനും ആണ് കെ.ബാലകഷ്ണന്‍.  രാഷ്ട്രീയത്തില്‍ അച്ഛന്റെ എതിര്‍വേദിയില്‍ നിന്നുകൊണ്ട് ബാലകൃഷ്ണന്‍ നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍ തിരുവിതാംകൂറില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.  രാഷ്ട്രീയക്കാരനായ ബാലകൃഷ്ണനെ പിതാവ് അംഗീകരിച്ചിരുന്നില്ല.  എന്നാല്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ബാലകൃഷ്ണന്റെ പ്രാഗല്‍ഭങ്ങള്‍ക്കുള്ള സി.കേശവന്റെ അംഗീകാരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ 'ജിവിതസമരം' എന്ന ആത്മകഥയുടെ അവതാരിക ബാലകൃഷ്ണനെ കൊണ്ട് എഴുതിച്ചു.  
 
1971-ല്‍ പഴയ അമ്പലപ്പുഴ  (ആലപ്പുഴ) ലോക്‌സഭാമണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കെ.ബാലകൃഷ്ണന്‍ ദീര്‍ഘകാലം നിശ്ശബ്ദനും വിസ്മൃതനുമായി കഴിഞ്ഞു.  1984 ജൂലായ് 16-ാം തീയതി 59-ാം വയസ്സില്‍ ബാലകൃഷ്ണന്‍ അന്തരിച്ചത് ആനുകാലിക പത്രപ്രവര്‍ത്തനത്തില്‍ അനുകരിക്കാനാവാത്ത ഒരു മാതൃക അവശേഷിപ്പിച്ചുകൊണ്ടാണ്.  നോവല്‍, കഥ, ഓര്‍മ്മകുറിപ്പുകള്‍ എന്നിങ്ങനെ നിരവധി രചനകള്‍ കെ.ബാലകൃഷ്ണന്റെ ഗ്രന്ഥങ്ങളായി  പുറത്തുവന്നിട്ടുണ്ട്.