You are here:

Govindanunni V. R.

വി.ആര്‍.ഗോവിന്ദനുണ്ണിക്ക് മുഖവുര വേണം.  മാതൃഭൂമിയില്‍ എം.ടി.യുടേയും എന്‍.വി.യുടേയും പത്രാധിപത്യശോഭയില്‍ സഹപത്രാധിപരായിരുന്നുവെങ്കിലും പുറംലോകം അധികം അറിയപ്പെടാതിരിക്കാന്‍ പ്രത്യേകം മനസ്സുവച്ച പത്രപ്രവര്‍ത്തകനാണ്.  പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റേയും വാരാന്തപ്പതിപ്പിന്റേയും സ്വതന്ത്ര ചുമതല വഹിച്ചിരുന്നപ്പോഴും അണിയറയിലിരുന്ന് പല യുവഎഴുത്തുകാരേയും അക്ഷര വെളിച്ചത്തിലെത്തിക്കുന്നതില്‍ ഗോവിന്ദനുണ്ണി പങ്കുവഹിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യസമര സേനാനിയും അവിഭക്ത മദിരാശി സംസ്ഥാനത്തിലെ പ്രദേശ് കോഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന കെ.എം.രാവുണ്ണിമേനോന്റേയും വാക്കില്‍ ബാലാമണിയുടേയും മകനായി 1948-ല്‍ പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലാണ് ജനനം. എലപ്പുള്ളി ഗവ:എ.പി. സെക്കന്ററി സ്‌കൂള്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1966 മുതല്‍ ആകാശവാണിയില്‍ കമന്ററികളും ഫീച്ചറുകളും കഥകളും നാടകങ്ങളുമൊക്കെ പ്രക്ഷേപണം ചെയ്തുകൊണ്ടാണ് മാധ്യമലോകത്തേക്ക് കടക്കുന്നത്.  ടി. ദാമോദരനുമായുള്ള സൗഹൃദമാണ് 1969 ല്‍ ഗോവിന്ദനുണ്ണിയെ എം.ടി. യുടെ അടുക്കലെത്തിക്കുന്നത്.  അങ്ങിനെ മാതൃഭൂമി പത്രാധിപസമിതിയില്‍ അംഗമായി.
മാതൃഭൂമിയുടെ ബാംഗ്ലൂര്‍, കൊല്‍ക്കത്ത ലേഖകനായി ജോലി ചെയ്തു.  ബംഗാളില്‍ നക്‌സലൈറ്റ് പ്രസ്ഥാനം സജീവമായിരുന്ന കാലത്ത് നക്‌സല്‍ബാരി പ്രദേശം സന്ദര്‍ശിച്ച് ഗോവിന്ദനുണ്ണി എഴുതിയ സ്റ്റോറികള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചു.  ഈ റിപ്പോര്‍ട്ടുകള്‍ കമ്മ്യൂണിസ്റ്റ് തീവ്രവാദ പ്രസ്ഥാനത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നവയായിരുന്നു.  അസിസ്റ്റന്റ് എഡിറ്ററായിരിക്കെ ഉണ്ണി മാതൃഭൂമിയില്‍ നിന്ന് രാജിവച്ചു.  ഫ്രീലാന്‍സറായി ഖലീജ് ടൈംസ്, അറബ് ന്യൂസ് എന്നീ പത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.  കുറച്ചുകാലം ജന്മഭൂമി (ഗുജറാത്തി, മുംബൈ) യുടെ പാര്‍ട്ട് ടൈം ലേഖകനായി.
കേരള സാഹിത്യസമിതിയുടേയും കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റേയും കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഉണ്ണി മാതൃഭൂമി ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി, ഐ.എഫ്.ഡബ്ല്യു.ജെ. നാഷണല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  
പത്രപ്രവര്‍ത്തക യൂണിയന്റെ മുഖപത്രം പത്രപ്രവര്‍ത്തകന്റേയും പരിഷത്തിന്റെ ശാസ്ത്രഗതിയുടേയും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു.
ഞാന്‍ അയാള്‍ നമ്മള്‍, യാത്രമൊഴി, വിട (കഥാസമാഹാരങ്ങള്‍) മലയാള ശാസ്ത്ര സാഹിത്യം, ചലച്ചിത്ര ദര്‍ശനം, വായനയുടെ വര്‍ത്തമാനം (ലേഖനസമാഹാരങ്ങള്‍) ടോള്‍സ്റ്റോയിയുടെ ഹാജിമുറാദ്, വിഭൂതിഭൂഷ ബന്ദോപാധ്യായയുടെ അപരാജിതന്‍, മോപ്പസാങ്ങിന്റെ മരണംപോലെ ശക്തം (വിവര്‍ത്തനങ്ങള്‍) സ്വവര്‍ഗരതി: നേര്‍വഴികളും നേര്‍ക്കാഴ്ചകളും, എം.ടി: ഒരു പുനര്‍വായന, ഡോ.അയ്യത്താന്‍ ഗോപാലന്‍ (എഡിറ്റര്‍) എന്നിവയാണ് കൃതികള്‍.  തൂലികാനാമം വിജി, വി.ആര്‍.ജി. അംപയര്‍, ഒബ്‌സര്‍വര്‍.
ഭാര്യ: കെ.വത്സല (മാതൃഭൂമി, കോഴിക്കോട്), മകന്‍:കെ.ഗോവിന്ദ് (ബാംഗ്ലൂര്‍)
വിലാസം: ദ്വാരക, ഗണപത് ഹൈസ്‌കൂളിന് സമീപം, വി.കെ.കൃഷ്ണമേനോന്‍ റോഡ്, കല്ലായ്, കോഴിക്കോട്